അയോദ്ധ്യാകാണ്ഡത്തിലെ ശ്രീരാമാഭിഷേക വിഘ്നം മുതല്‍ വിച്‌ഛിന്നാഭിഷേകം വരെ; രാമായണ പാരായണം ആറാം ദിവസം വായിക്കേണ്ട ഭാഗങ്ങൾ

ramayana month
Published on

രാമായണ പാരായണത്തിന്റെ ആറാം ദിവസം അയോദ്ധ്യാകാണ്ഡത്തിലെ ശ്രീരാമാഭിഷേക വിഘ്നം മുതല്‍ വിച്‌ഛിന്നാഭിഷേകം വരെയുള്ള ഭാഗമാണ് വായിക്കേണ്ടത്. രാമന്‍റെ നിശ്ചയിക്കപ്പെട്ട അഭിഷേകം കൈകേയിയുടെ ഇടപെടലിലൂടെ മുടങ്ങുന്ന ഭാഗമാണിത്. തോഴി മന്ഥരയുടെ സ്വാധീനത്താലാണ് കൈകേയി അഭിഷേകം മുടക്കുന്നത്. രാജഭക്തി, വഞ്ചന, വഴി തെറ്റിക്കുന്ന ഉപദേശങ്ങള്‍ എന്നിവയെല്ലാം ഈ ഭാഗത്ത് എടുത്ത് കാണിക്കുന്നു.

അതീവ സന്തോഷത്തോടെ തന്‍റെ പ്രിയപുത്രന്‍ രാമനെ രാജ്യത്തെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ പിതാവ് ദശരഥന്‍ ഒരുങ്ങുന്നു. തന്‍റെ തോഴി മന്ഥരയുടെ വാക്ക് കേട്ട് ദശരഥന്‍റെ പ്രിയപത്നി കൈകേയി ഇതിന് തടസമുണ്ടാക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദശരഥ മഹാരാജാവ് കൈകേയിക്ക് നല്‍കിയ രണ്ട് വരങ്ങള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് മന്ഥര അഭിഷേകം മുടക്കാന്‍ കൈകേയിയെ പ്രേരിപ്പിക്കുന്നത്. ആവശ്യം വരുമ്പോള്‍ വരങ്ങള്‍ തേടാമെന്നായിരുന്നു അന്ന് കൈകേയിയുടെ മറുപടി.

കൈകേയിയുടെ മനസില്‍ മന്ഥര ഭയത്തിന്‍റെയും അരക്ഷിതത്വത്തിന്‍റെയും വിത്തുകള്‍ പാകുന്നു. രാമന്‍ അധികാരത്തിലേറുന്നതോടെ കൈകേയിയുടെയും മകന്‍ ഭരതന്‍റെയും സ്ഥാനം കേവലം പരിചാരകരുടേതായി മാറുമെന്നും മന്ഥര കൈകേയിയെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ഇതോടെ തന്‍റെ വരം തരാന്‍ കൈകേയി ദശരഥനോട് ആവശ്യപ്പെടുന്നു. രാമനെ പതിനാല് കൊല്ലം വനവാസത്തിനയക്കണമെന്നും ഭരതനെ രാജാവായി വാഴിക്കണമെന്നുമാണ് കൈകേയി ആവശ്യപ്പെടുന്നത്.

കൈകേയിയുടെ ആവശ്യങ്ങള്‍ ദശരഥനെ ആകെ തളര്‍ത്തുന്നു. രാമനോടുള്ള അഗാധമായ സ്‌നേഹം കൊണ്ട് ആദ്യം കൈകേയിയുടെ ആവശ്യം നിരാകരിക്കുകയാണ് ദശരഥൻ. എന്നാല്‍ സത്യപരിപാലനം എന്ന നിഷ്‌ഠ അദ്ദേഹത്തെ കൊണ്ട് ഒടുവില്‍ ആ മഹാപാതകം ചെയ്യിക്കുന്നു. തന്‍റെ വാക്ക് തെറ്റിച്ചാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ ദുഃഖിതനും നിസ്സഹായകനുമാക്കുന്നു.

ദശരഥ മഹാരാജാവ് തന്‍റെ വാക്ക് പാലിക്കണമെന്ന കൈകേയിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അദ്ദേഹം പതിക്കുന്ന കടുത്ത വേദനയും എന്നാല്‍ സത്യപാലനം നടത്തണമെന്ന സമ്മര്‍ദവും അദ്ദേഹത്തിലുണ്ടാക്കുന്ന വികാര വിചാരങ്ങള്‍ ഈ ഭാഗത്ത് ഹൃദയാവര്‍ജ്ജകമായി വിവരിക്കുന്നു. രാമന്‍റെ വനവാസത്തെക്കുറിച്ചുള്ള വാര്‍ത്ത രാജധാനിയെ ആകെ ഞെട്ടിക്കുന്നു. ജനങ്ങള്‍ മുഴുവന്‍ സങ്കടക്കടലിലേക്ക് കൂപ്പുകുത്തുന്നു. എന്നാൽ, എപ്പോഴും കര്‍മ്മനിരതനായ രാമന്‍ പിതാവിന്‍റെ തീരുമാനത്തെ ശിരസാ വഹിക്കുന്നു. തന്‍റെ പ്രിയ മാതാവ് കൗസല്യയെയും ഭാര്യ സീതയെയും ധര്‍മ്മ പരിപാലനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തുന്നു. പിതാവിന്‍റെ വാക്കുകള്‍ പാലിക്കേണ്ടത് ഒരു മകന്‍റെ ഉത്തരവാദിത്തമാണെന്നും അവരെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

വനത്തിലേക്ക് രാമനെ അനുയാത്ര ചെയ്യണമെന്ന് സീത നിര്‍ബന്ധം പിടിക്കുന്നു. വനവാസത്തിന്‍റെ കഠിനതകള്‍ ബോധ്യപ്പെടുത്തി സീതയെ പിന്തിരിപ്പിക്കാന്‍ രാമന്‍ ശ്രമിക്കുന്നു. പക്ഷേ, രാമനോടുള്ള വിശ്വസ്‌തതയും സ്നേഹവും അവളുടെ നിശ്ചയദാര്‍ഢ്യത്തെയും സമര്‍പ്പണത്തെയും പിന്നോട്ടടിക്കുന്നില്ല. പ്രിയ സഹോദരന്‍ ലക്ഷ്‌മണനും രാമനൊപ്പം വനത്തിന് പോകാന്‍ സന്നദ്ധനാകുന്നു. രാമന്‍റെ വിധി പങ്കുവയ്ക്കണമെന്ന ഇച്‌ഛയും രാമനോടുള്ള അടങ്ങാത്ത കൂറുമാണ് ഈ തീരുമാനമെടുക്കാന്‍ ലക്ഷ്‌മണനെ പ്രേരിപ്പിക്കുന്നത്. സഹോദര സ്നേഹത്തിന്‍റെ ശക്തിയും ആത്മാര്‍പ്പണവും കുടുംബ കര്‍ത്തവ്യവും ഇതിലൂടെ എടുത്ത് കാട്ടുന്നു. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ ഭരതൻ അയോധ്യയിലെങ്ങുമുണ്ടായിരുന്നില്ല. കുടുംബം പ്രശ്‌നത്തില്‍ അകപ്പെട്ട് ഉഴറുമ്പോഴാണ് ഭരതന്‍റെ മടങ്ങി വരവ്. അമ്മയുെട പ്രവൃത്തി ഭരതനെ ആകെ ഉലച്ച് കളയുന്നുണ്ട്. അധികാരം ഏറ്റെടുക്കാന്‍ ഭരതന്‍ വിസമ്മതിക്കുന്നു. രാമനോടുള്ള തന്‍റെ അഗാധമായ സ്നേഹവും ആദരവും അദ്ദേഹം വെളിപ്പെടുത്തുന്നു. തന്‍റെ വാക്ക് തെറ്റിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ദശരഥന്‍റെ ദുഃഖം വര്‍ധിപ്പിക്കുന്നു. കുറ്റബോധവും പശ്ചാത്താപവും മൂലം അദ്ദേഹത്തിന്‍റെ ആരോഗ്യം ക്ഷയിക്കുന്നു. ക്രമേണ അദ്ദേഹം മരണത്തിന് കീഴടങ്ങുന്നു.

രാമനും സീതയും ലക്ഷ്‌മണനും അയോധ്യ വിടുമ്പോള്‍ രാജധാനി മുഴുവന്‍ കേഴുകയാണ്. ജനങ്ങള്‍ രാമനോടുള്ള സ്‌നേഹവും ബഹുമാനവും ആദരവും മൂലം തങ്ങളുടെ ദുഃഖവും നിരാശയും എല്ലാം പലതരത്തില്‍ പ്രകടിപ്പിക്കുന്നു. മനുഷ്യന് പ്രകൃതിയെക്കുറിച്ചുള്ള അസംഖ്യം പാഠങ്ങളാണ് ആദ്ധ്യാത്മ രാമായണത്തിലെ അഭിഷേക വിഘ്നം നമുക്ക് നല്‍കുന്നത്. ബുദ്ധിയുള്ള ഒരു ഉപദേശകന്‍, നമ്മുടെ തെരഞ്ഞെടുപ്പുകളുടെ പ്രത്യാഘാതങ്ങള്‍ ഇവയെല്ലാം ഈ കഥ നമ്മോട് പറയുന്നു. കാലാതിവര്‍ത്തിയായ സത്യം, ധര്‍മ്മം, കൂറ് തുടങ്ങിയവയ്ക്കൊക്കെ നമ്മുടെ ജീവിതത്തുള്ള സ്വാധീനത്തെക്കുറിച്ച് ഈ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

രാമന്‍റെ മുടങ്ങിയ അഭിഷേകം ഉണ്ടാക്കുന്ന ധാര്‍മ്മിക-വൈകാരിക സങ്കീര്‍ണതകളെയാണ് വിച്‌ഛിന്നാഭിഷേകത്തിലൂടെ പറഞ്ഞ് വയ്ക്കുന്നത്. കര്‍മ്മം, കൂറ്, ധര്‍മ്മനിഷ്‌ഠ തുടങ്ങിയവയുടെ കാലാതിവര്‍ത്തിയായ പാഠങ്ങളും ജീവിത വെല്ലുവിളികള്‍ നേരിടാന്‍ സ്നേഹത്തിന്‍റെയും ധാര്‍മികതയുടെയും പാതയിലൂടെ ചരിക്കേണ്ടതിന്‍റെ ആവശ്യകതയും നമുക്ക് ഈ ഭാഗം പകര്‍ന്ന് തരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com