
ഇല ഏതുമാകട്ടെ അതുകൊണ്ടൊരു വിഭവം തയാറാക്കാന്‍ കഴിവുള്ളവരാണു മട്ടാഞ്ചേരിയിലെ കൊങ്കണിമാര്‍. വിവിധതരം കൊണ്ടാട്ടം, വറ്റല്‍, അച്ചാര്‍ എന്നിവയും ഭക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ് ഇല വിഭവങ്ങള്‍ക്കു പേരുകേട്ടതാണു മട്ടാഞ്ചേരിയിലെ കൂവപ്പാടം, ചേര്‍ലായി എന്നീ പ്രദേശങ്ങള്‍. കര്‍ക്കടകമാസം ഇല കൊണ്ടുള്ള വിഭവങ്ങളുടെ ഒരു ജുഗല്‍ബന്ദിയാണ് ഇവിടെ അരങ്ങേറുന്നത്. കര്‍ക്കടകമാസത്തില്‍ ഇവിടെയുള്ള എല്ലാ വീടുകളിലും ചേമ്പില അപ്പം, ചേമ്പില തോരന്‍, ചീര തോരന്‍, മത്ത ഇല കൊണ്ടുള്ള തോരന്‍ എന്നിവ പാചകം ചെയ്യുന്നത് പതിവാണ്. കര്‍ക്കടകത്തില്‍ ഇലകളുടെ വില്‍പ്പനയും ഇവിടെ വന്‍തോതില്‍ നടക്കുന്നു.
മട്ടാഞ്ചേരിയിലെ കൂവപ്പാടം, ചേര്‍ലായി എന്നീ പ്രദേശങ്ങള്‍ ഗൗഡ സാരസ്വത ബ്രാഹ്‌മണ സമുദായത്തില്‍പ്പെട്ട കൊങ്കണിമാര്‍ കൂടുതല്‍ താമസിക്കുന്നയിടമാണ്. വേറിട്ടൊരു ഭക്ഷണരീതിയാണ് ഇവരുടേത്. ഇലകളും കിഴങ്ങുവര്‍ഗങ്ങളും ഇവര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
മുരിങ്ങയില കൊണ്ട് ദോശ, ചേമ്പില ഇല കൊണ്ട് അപ്പം, പലതരം തോരന്‍, ഗജ്ബജ് എന്ന കറി, ഇഡ്ഡലിയുടെ രൂപമുള്ള ഉണ്ടികള്‍ അങ്ങനെ പലതരം വിഭവങ്ങള്‍ ഇവര്‍ ഇല കൊണ്ട് ഉണ്ടാക്കുന്നു. അതുപോലെ തന്നെ വിവിധതരം കൊണ്ടാട്ടം, വറ്റല്‍, അച്ചാര്‍ എന്നിവയും ഇവരുടെ ഭക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ്.
കർക്കടക മാസത്തിൽ ഇവരുണ്ടാക്കുന്ന ഒരു വിഭവമാണ് ചേമ്പില അപ്പം. ഇതിന് പത്രോടൊ എന്നും പേരുണ്ട്.
ഔഷധഗുണമുള്ളതാണു ചേമ്പില. പക്ഷേ അത് പാചകത്തിനു ഉപയോഗിക്കണമെങ്കില്‍ ഇലയിലുള്ള ചെറിയ നാരു പോലെയുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യണം. ഇല്ലെങ്കില്‍ ഇല കറിവച്ചാല്‍ ചൊറിച്ചില്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. കര്‍ക്കടക മാസം പൊതുവേ തണുപ്പ് കൂടുതലായിരിക്കും. ഈ സമയത്ത് മനുഷ്യശരീരത്തിന് ചൂടു നല്‍കാന്‍ ചേമ്പിലയ്ക്കു സാധിക്കും. മാത്രമല്ല, ചേമ്പിലയില്‍ ഇരുമ്പിന്റെ അംശമുണ്ട്. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ പുറന്തള്ളാനും ചേമ്പിലയ്ക്ക് ശക്തിയുണ്ട്.
ചേമ്പില അപ്പം തയ്യാറാക്കാൻ വേണ്ട ചേരുവകൾ
പിഞ്ചു ചേമ്പില -20 എണ്ണം (തണ്ടും ഞരമ്പും മുറിച്ചു കളഞ്ഞു വൃത്തിയാക്കിയത് )
പച്ചരി -2 കപ്പ് (3 മണിക്കൂർ വെള്ളത്തിലിട്ടു കുതിർത്തെടുത്തത് )
ചെറുപയർ പരിപ്പ് -അര കപ്പ് (അര മണിക്കൂർ വെള്ളത്തിൽ കുതിർത്തത്)
തേങ്ങചിരകിയത് -ഒന്നര കപ്പ്
ജീരകം -ഒരു ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
കായപ്പൊടി -അര ടീസ്പൂൺ
വറ്റൽമുളക് -5 എണ്ണം
ശർക്കര -ഒരു ചെറിയ കഷ്ണം
വാളൻ പുളി -ഒരു നാരങ്ങാവലിപ്പത്തിൽ വെള്ളത്തിലിട്ടു കുതിർത്തു പിഴിഞ്ഞെടുക്കുക
ഉപ്പ്
വെളിച്ചെണ്ണ (നെയ്യ് )
തയ്യാറാക്കുന്ന വിധം:
ചേമ്പിലയും എണ്ണയും ഒഴികെയുള്ള ബാക്കി ചേരുവകൾ ദോശമാവിനേക്കാൾ അല്പം കട്ടിയിൽ തരുതരുപ്പായി അരച്ചെടുക്കുക. ഏറ്റവും വലിയ ചേമ്പില ഒരു പ്ലേറ്റിൽ കമഴ്ത്തിവെച്ചു മാവ് പുറമെ തേച്ചുകൊടുക്കുക. അതിനുമുകളിലായി അല്പം ചെറിയ ഇല വച്ചുകൊടുത്തു മാവ് തേക്കുക. അങ്ങനെ അഞ്ചു ഇലകൾ മുകളിലായി വച്ച് ആവർത്തിക്കുക. അതിനുശേഷം ആദ്യം ഇലയുടെ വശങ്ങൾ മടക്കി കൊടുക്കുക. പിന്നീട് താഴെനിന്നും മുകളിലേക്ക് റോൾ ചെയ്തു എടുക്കുക. ഇങ്ങനെ എല്ലാ ഇലകളും റോൾ ആക്കിയശേഷം സ്റ്റീമറിലോ ഇഡ്ഡ്ലി തട്ടിലോ വച്ച് ഒരു മണിക്കൂറിൽ കുറയാതെ അവികേറ്റി വേവിച്ചെടുക്കുക. അതിനു ശേഷം മുറിച്ചു വെളിച്ചെണ്ണ പുരട്ടി ചൂടോടെ കഴിക്കാം. തണുത്തു കഴിഞ്ഞു മുറിച്ചു നെയ്യോ എണ്ണയോ തടവി തവയിൽ വച്ച് ഫ്രൈ ചെയ്തും കഴിക്കാം.
ചേമ്പിലയുടെ ചൊറിച്ചിൽ ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ:
1. ചേമ്പിന്റെ തളിരില തന്നെ എടുക്കുക.
2. ഇലയുടെ തണ്ടും ഞരമ്പും നന്നായി നീക്കം ചെയ്യുക.
3. പുളിയുടെ അളവ് കുറഞ്ഞു പോകരുത്.
4. ഒരുമണിക്കൂറിൽ കുറയാതെ വേവിക്കുക.