
തൃപ്രയാറിൽ ശ്രീരാമ ദർശനം പൂർത്തിയാക്കി തീർഥാടകർ എത്തുന്നത് ഭരത പ്രതിഷ്ഠയാൽ മഹാക്ഷേത്രമെന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യത്തിലേക്കാണ്. തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തിലെ പോലുള്ള പ്രദക്ഷിണരീതിയാണ് ഇവിടെ നടത്തുന്നത്. ഉപദേവതാ പ്രതിഷ്ഠ ഇല്ല എന്ന സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്.
വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കാൻ കായംകുളം രാജധാനിയില്‍ നിന്നും കൊണ്ടു വന്ന മാണിക്യം വിഗ്രഹത്തിനടുത്തുവച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല.
കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്. പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ് വിശ്വാസം.
ദർശന സമയം
സാധാരണ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ 12.30 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ 3 വരെ. വൈകിട്ട് 5 മുതൽ 8.30 വരെ. തിരക്ക് കൂടുതലാണെങ്കിൽ നട അടയ്ക്കുന്നത് വൈകും. അവസാനത്തെ തീർഥാടകനും ദർശനം നടത്തിയതിന് ശേഷം മാത്രമേ നട അടയ്ക്കൂ.
ക്ഷേത്രത്തിലേക്കെത്താൻ
തൃപ്രയാർ – കൂടൽമാണിക്യം പാലം കടന്ന് താന്ന്യം പഴുവിൽ കാട്ടൂർ വഴി എത്താം. (19 കി.മീ) ദേശീയപാതയിൽ എറണാകുളം റൂട്ടിൽ തുടങ്ങി മൂന്നുപീടിക എത്തി ഇടതുതിരഞ്ഞ് നേരേ ഇരിങ്ങാലക്കുട. (21 കി.മീ).
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - ഇരിഞ്ഞാലക്കുട - 10 കിലോമീറ്റർ, ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ - തൃശ്ശൂർ - 21 കിലോമീറ്റർ