തൃപ്രയാറിൽ ശ്രീരാമനെ തൊഴുത് തുടങ്ങി പായമ്മലിൽ ശത്രുഘ്നസ്വാമി ക്ഷേത്ര ദർശനം വരെ; പുണ്യദായകമായ കർക്കിടകവും നാലമ്പല ദർശനവും

തൃപ്രയാറിൽ ശ്രീരാമനെ ദർശിച്ചാണ് നാലമ്പല ദർശനത്തിനു തുടക്കം
 തൃപ്രയാറിൽ ശ്രീരാമനെ തൊഴുത് തുടങ്ങി പായമ്മലിൽ ശത്രുഘ്നസ്വാമി ക്ഷേത്ര ദർശനം വരെ; പുണ്യദായകമായ കർക്കിടകവും നാലമ്പല ദർശനവും
Published on

രാമായണ ശീലുകളാൽ മുഖരിതമാകുന്ന നാലമ്പലങ്ങൾ. തൃപ്രയാർ, കൂടൽമാണിക്യം, മൂഴിക്കുളം, പായമ്മൽ എന്നീ ക്ഷേത്രങ്ങളാണവ. രാമായണം എന്നാൽ രാമന്റെ അയനം (യാത്ര) മാത്രമല്ല, രാമനിലേക്കുള്ള യാത്ര കൂടിയാണിത്. ഉത്തമ വ്യക്തിത്വത്തിലേക്കുള്ള യാത്രയാണ് രാമായണ പാരായണവും രാമക്ഷേത്ര ദർശനവും എന്നാണ് വിശ്വാസം. കർക്കടക മാസം മുഴുവൻ നീളുന്ന നാലമ്പല ദർശനവും മുടങ്ങാത്ത പാരായണവും രാമായണത്തെ കാലാതീതവും ഉത്കൃഷ്ടവുമാക്കുന്നു.

കർക്കടക മാസത്തിൽ നാലമ്പലദർശനം പുണ്യദായകമെന്നാണ് വിശ്വാസം. ശ്രീരാമന്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നതിനെയാണു നാലമ്പലദർശനം എന്നു പറയുന്നത്. കർക്കടകത്തിലെ നാലമ്പല ദർശനം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. വിശ്വാസികൾക്ക് ഇത് പുണ്യ മാസമാണ്. ഒരേദിവസം നാലമ്പലദർശനം സാധ്യമാകുന്ന ക്ഷേത്രങ്ങൾ കേരളത്തിൽ പലയിടത്തുമുണ്ട്.

തൃശൂർ ജില്ലയിലെ തൃപ്രയാർ, ഇരിങ്ങാലക്കുടയിലെ കൂടൽ മാണിക്യം, മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പായമ്മലിലെ ശത്രുഘ്നൻ ക്ഷേത്രം എന്നിവിടങ്ങളിലെ നാലമ്പല ദർശനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പണ്ട് കാലത്ത് ദൂരെ നിന്നുള്ള ഭക്തർക്ക് നാലമ്പല ദർശനം ദിവസങ്ങൾ നീളുന്ന യാത്രയായിരുന്നു.എന്നാൽ യാത്രാ സൗകര്യം മെച്ചപ്പെട്ടതോടെ ഒറ്റ ദിവസം കൊണ്ടുള്ള നാലമ്പല ദർശനം സാധ്യമായി.

ദുരിതവും വറുതിയും നിറഞ്ഞ കാലമെങ്കിലും കർക്കടകം പുണ്യകരമാക്കാൻ നാലമ്പല ദർശനം ഏറ്റവും യോജിച്ചതാണ്. രാമായണ പാരായണവും ക്ഷേത്ര ദർശനവും ഒക്കെയായി ചിങ്ങമാസത്തിന്റെ സമൃദ്ധിയിലേക്കുള്ള കാത്തിരിപ്പു കൂടിയാണ് നാലമ്പല ദർശനവും രാമായണ മാസാചരണവും.

കർക്കടക പുണ്യം തേടിയുള്ള നാലമ്പല തീർഥാടനത്തിന് തുടക്കമായിട്ടുണ്ട്. തീർഥാടനത്തിനായി തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം, എറണാകുളം ജില്ലയിലെ മ‍ൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ തീർത്ഥാടനം തുടങ്ങിക്കഴിഞ്ഞു. കോട്ടയം ജില്ലയിലെ പാലായിലും മലപ്പുറം ജില്ലയിൽ രാമപുരത്തും കണ്ണൂർ ജില്ലയിലും എറണാകുളം ജില്ലയിലെ പിറവത്തും പാലക്കാട് – തൃശൂർ ജില്ലകളിലായും നാലമ്പലങ്ങൾ ഉണ്ട്.

നാലമ്പല ദർശന ക്രമം

തൃപ്രയാറിൽ ശ്രീരാമനെ ദർശിച്ചാണ് നാലമ്പല ദർശനത്തിനു തുടക്കം. കൂടൽമാണിക്യത്തിൽ ഭരതൻ, മൂഴിക്കുളത്ത് ലക്ഷ്മണൻ, പായമ്മലിൽ ശത്രുഘ്നസ്വാമി എന്നീ ക്രമത്തിലാകണം ദർശനം നടത്തേണ്ടത്. നാലിടത്ത് ദർശന ശേഷം ഒരിക്കൽക്കൂടി തൃപ്രയാറിൽ ദർശനം നടത്തുന്നത് ഒട്ടേറെ ഭക്തരുടെ പ്രത്യേകതയാണ്. അപ്പോഴേ ദർശന ചക്രം പൂർത്തിയാകൂ എന്നാണ് വിശ്വാസം

Related Stories

No stories found.
Times Kerala
timeskerala.com