
മനുഷ്യബന്ധങ്ങളുടെ മായാക്കാഴ്ചകള്‍ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടുന്ന മഹാകാവ്യമാണ് രാമായണം. രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകം ഏതെന്ന ചോദ്യത്തിന് പറയിപെറ്റ പന്തിരുകുലം എന്ന കഥയിലെ നായകനായ വരരുചി മഹര്‍ഷി നല്‍കിയ ഉത്തരം വിശ്വപ്രസിദ്ധമാണ്. അയോദ്ധ്യാകാണ്ഡത്തിലെ നാൽപതാം അദ്ധ്യായത്തിലെ ഒമ്പതാമത്തെ ശ്ലോകമാണ് രാമായണത്തിലെ ഏറ്റവും മഹത്തായത്. രാമായണത്തിലെ ഏറ്റവും വികാരപരമായ സന്ദർഭം, രാമൻറെ വനവാസ സമയത്ത് യാത്രാനുമതി വാങ്ങാനെത്തിയ ലക്ഷ്മണനോട് മാതാവായ സുമിത്ര പറയുന്നതാണ് ഈ ശ്ലോകം.
"രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ താത യഥാ സുഖം."
"ശ്രീരാമനെ നീ ദശരഥനായി കാണണം. സീതയെ നിന്റെ മാതാവായി കണ്ടു സ്‌നേഹാദരങ്ങള്‍ നല്‍കണം. ഘോരവനത്തെ അയോദ്ധ്യയായി കണ്ടും സുഖമായി ജീവിക്കുക"- എന്ന് സുമിത്രാ ദേവി പറയുന്ന ശ്ലോകമാണ് രാമാണത്തില്‍ ഏറ്റവും മഹത്തരമായത്.
കൗസല്യയ്ക്കും കൈകേയിക്കും ഇടയില്‍, രാമനും ഭരതനും ഇടയില്‍, സൗമിത്രത്തിന്റെ അഥവാ സാഹോദര്യത്തിന്റെ പൊന്‍ചരടാകുന്നവളാണ് സുമിത്ര. കാടും നാടും സുമിത്രയ്ക്ക് ഒരു പോലെയാണ്. സുഖവും ദുഃഖവും അവള്‍ക്ക് ഒരു പോലെയാണ്. ഒരു മകന്‍ ലക്ഷ്മണന്‍ കാട്ടില്‍ പോയതിന്റെ ദുഃഖമാകട്ടെ, മറ്റൊരു മകനായ ശത്രുഘ്‌നന്‍ നാട്ടില്‍ അടുത്തുണ്ടല്ലോ എന്ന സന്തോഷമാകട്ടെ സുമിത്രയെ ഒന്നും തന്നെ ബാധിക്കുന്നില്ല.
സമത്വത്തില്‍ ഊന്നിയുള്ള നിശബ്ദമായ കാഴ്ചപ്പാടുകളും എപ്പോഴും സന്തുലിതമായ മനസ്സും കൊണ്ട് സുമിത്ര ഒരു തത്വചിന്തകയുടെ ഔന്നത്യം പലപ്പോഴും പ്രകടമാക്കുന്നതായി രാമയണത്തില്‍ കാണാന്‍ കഴിയും. സുമിത്രയ്ക്കു രാമായണത്തില്‍ രത്‌നശോഭ കൈവരുന്ന സന്ദര്‍ഭമുണ്ട്. വനവാസത്തിനായി ഇറങ്ങുന്ന സീതാരാമലക്ഷ്മണന്മാരെ ആശ്ലേഷിച്ച് അനുഗ്രഹിക്കുമ്പോഴാണത്.
സ്വപുത്രനായ ലക്ഷ്മണന്റെ മൂര്‍ദ്ധാവില്‍ മുകര്‍ന്നു സുമിത്ര പറയുന്ന വരികളാണ് രാമം ദശരഥം വിദ്ധി എന്ന പേരില്‍ രാമായണത്തില്‍ ഏറ്റവും ശ്രേഷ്ഠമായി പിന്നീട് ലോകത്തില്‍ മുഴുവന്‍ പ്രശംസ നേടിയ ശ്ലോകം. രാമായണത്തിലെ ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഇതാണെന്നു മഹാപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. രാമായണ രചനയ്ക്കുമുമ്പ് വാല്മീകി മഹര്‍ഷിയില്‍നിന്നു ‘മാനിഷാദ പ്രതിഷ്ഠാം’ എന്നു തുടങ്ങുന്ന ഒറ്റശ്ലോകം ഉണ്ടായി. അതുപോലെ രാമായണത്തിന്റെ മുഴുവന്‍ സത്തയായിരൂപപ്പെട്ട ശ്ലോകം സുമിത്രയിലൂടെയാണ് ഉണ്ടായതെന്നാണ് വെളിപ്പെടുത്തുന്നത്.
സുമിത്രാദേവി നല്‍കുന്ന സന്ദേശം നിസ്സംഗതയുടേതാണ്. നിര്‍മമതയോടെ ഏതിനേയും സമീപിക്കാനുള്ള മാനസികാവസ്ഥ. സമസ്ത ലോകത്തിനും മാനസികാനന്ദം അനുഭവിക്കാനുളള സമതയുടെ ഏകമാര്‍ഗ്ഗമാണത്.