
രാമപുരത്തെ നാലമ്പല ദർശനം
കോട്ടയം ജില്ലയിലെ നാലമ്പല യാത്ര പാലയ്ക്കടുത്ത് രാമപുരം ശ്രീ രാമസ്വാമിക്ഷേത്രത്തില്‍ നിന്നാണ് തുടങ്ങുന്നത്. കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ദര്‍ശനം നടത്തിയശേഷം തിരികെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തുന്നതോടെ ദര്‍ശനം പൂര്‍ത്തിയാകും. ഒരോ ക്ഷേത്രവും തമ്മിലുള്ള അകലം അര കിലോമീറ്ററായതിനാൽ ഉച്ചയ്ക്ക് മുൻപ് നാലിടത്തും ദർശനം പൂർത്തിയാക്കാം. അമ്പും വില്ലും സമർപ്പണമാണ് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ സുപ്രധാന വഴിപാട്. ശ്രീ ഭരതന് ശംഖ്, ശ്രീ ശത്രുഘ്നസ്വാമിക്ക് ശ്രീചക്രം, ശ്രീ ലക്ഷ്മണ സ്വാമിക്ക് ചതുർബാഹു എന്നിവ മറ്റ് ക്ഷേത്രങ്ങളിലെ മുഖ്യ വഴിപാടുകളാണ്. രാവിലെ 5 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകിട്ട് 5 മണി മുതല്‍ 7.30 വരെയുമാണ് ദര്‍ശനക്രമം.
സീതാന്വേഷണത്തിന് പോയ വഴി ശ്രീരാമന്‍ വസിച്ച സ്ഥലമാണത്രെ രാമപുരം. സീതാദേവിയേയും കൂട്ടി ലങ്കയില്‍ നിന്ന് വന്നപ്പോൾ സ്വീകരിക്കാനെത്തിയ ഭരതനാണ് അമനകരയില്‍ വാഴുന്നത്. ഭരതനോടൊപ്പം സ്വീകരിക്കാൻ വന്ന ശത്രുഘ്‌നനാണ് മേതിരിയിലുള്ളത്. ശ്രീരാമന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ലക്ഷ്മണൻ കുടപ്പുലത്ത് കുടികൊള്ളുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുറിഞ്ഞി, പാലാ എന്നിവിടങ്ങളില്‍ നിന്ന് രാമപുരത്ത് എത്തിച്ചേരാം. എം. സി റോഡില്‍ കൂത്താട്ടുകുളത്തു നിന്ന് രാമപുരത്ത് വരാം.
എറണാകുളത്തെ നാലമ്പലങ്ങള്‍
പിറവത്തിനും രാമമംഗലത്തിനും മദ്ധ്യേയുള്ള മാമലശ്ശേരി ശ്രീരാമക്ഷേത്രം, മേമ്മുറി ഭരതപ്പിള്ളി ശ്രീഭരതസ്വാമി ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, മാമലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണ് എറണാകുളത്തെ നാലമ്പലം. വട്ടശ്രീകോവിലില്‍ ചതുര്‍ബാഹുവായ ശ്രീരാമചന്ദ്രൻ മാമലശ്ശേരിയിൽ കിഴക്കുദര്‍ശനമായി കുടികൊള്ളുന്നു. മാരീച നിഗ്രഹം കഴിഞ്ഞ് വന്നപ്പോൾ സീതാപഹരണം അറിഞ്ഞ് വിരഹിയായ ഭാവമാണത്രേ ഇവിടെ രാമന് . രാമബാണമേറ്റ മാരീചൻ മലര്‍ന്നുവീണ സ്ഥലം പറഞ്ഞ് പഴകി മാമലശ്ശേരിയായി മാറി എന്ന് സ്ഥലപുരാണം.
ഈ ക്ഷേത്രത്തിന് വടക്കു കിഴക്കായാണ് മേമ്മുറി ഭരതപ്പിള്ളി ശ്രീഭരതസ്വാമി ക്ഷേത്രം. വനവാസത്തിന് തിരിച്ച ശ്രീരാമചന്ദ്രനെ അയോധ്യയിലേക്ക് തിരികെ കൊണ്ടു പോകാൻ സൈന്യ സമ്മേതം ഇറങ്ങിത്തിരിച്ച് വനത്തിൽ കൂട്ടംതെറ്റിപ്പോയ സ്ഥലമാണത്രേ മേമ്മുറി. ഇവിടെ പടിഞ്ഞാറ് ദർശനമായി ഭരതസ്വാമി വാഴുന്നു.
കൂട്ടം തെറ്റി ഒരു നെടിയ കാട്ടിലകപ്പെട്ട ശത്രുഘ്നൻ എന്നു സങ്കല്പത്തിലാണ് നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമിയെ ആരാധിക്കുന്നത്. ലക്ഷ്മണൻ തിരുമൂഴിക്കുളത്തുനിന്നും ശീവേലി ബിംബത്തില്‍ എഴുന്നള്ളി ശ്രീലകം പൂണ്ട തീര്‍ത്ഥസ്‌നാനം എന്ന സങ്കല്പത്തിലാണ് മുളക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രമുള്ളത്.
മലപ്പുറത്തെ നാലമ്പല ദർശനം
മലപ്പുറത്തിനും 8 കിലോമീറ്റർ കിഴക്കോട്ട് പാലക്കാട് വഴിയിൽ സഞ്ചരിച്ചാൽ രാമപുരം ശ്രീരാമക്ഷേത്രത്തിൽ എത്തിച്ചേരാം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിലെ ശ്രീരാമപ്രതിഷ്ഠ രാവിലെ വനവാസത്തിലായ രാമനും വൈകിട്ട് സീതാസമേതനായ രാമനും ആണെന്നാണ് ഐതിഹ്യം. ഈ ക്ഷേത്രത്തിന് സമീപം ഒരു സീതാ ക്ഷേത്രവും ഉണ്ടായിരുന്നതായി കരുതുന്നു. നഷ്ടപ്പെട്ട സീതാ ക്ഷേത്രം വീണ്ടെടുക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇവിടുത്തെ ഭരത, ലക്ഷ്മണ, ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് നോക്കി സ്ഥിതി ചെയ്യുന്നുവെന്നതാണ് പ്രധാന സവിശേഷത.
നാറാണത്ത് ഗ്രാമ പരിധിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറി കരിഞ്ചാപ്പാടിയിലാണ് ഭരത ക്ഷേത്രം. ഈ ക്ഷേത്രം കുറവ പഞ്ചായത്തിലാണ്. മറ്റ് മൂന്ന് ക്ഷേത്രങ്ങളും പുഴക്കോട്ടിരി പഞ്ചായത്തിലാണ്. പെരിന്തല്‍മണ്ണയ്ക്കു പോകും വഴിയില്‍ പനങ്ങാങ്ങര എന്ന സ്ഥലത്തിനടുത്ത് പടിഞ്ഞാറ് ദര്‍ശനമായാണ് ലക്ഷ്മണക്ഷേത്രം. അയോദ്ധ്യാനഗര്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. വിശ്വാമിത്രനെ സങ്കല്‍പ്പിച്ച് ഇവിടെ നിത്യേന രണ്ടുനേരം വിളക്ക് വയ്ക്കുന്നുണ്ട്. രാമപുരം ക്ഷേത്രത്തിന് പടിഞ്ഞാറ് മാറി കോഴിക്കോട് പോകുന്ന ദേശീയപാതയില്‍ നാറാണത്ത് നിന്ന് നൂറ് മീറ്റര്‍ അകലെയാണ് ശത്രുഘ്‌നക്ഷേത്രം. ചതുര്‍ബാഹുവായ ശത്രുഘ്‌നനാണ് ഇവിടുത്തെ പ്രതിഷ്ഠ.