
മഴയും തണുപ്പും നിറഞ്ഞ കർക്കടകത്തിൽ കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടുതന്നെ പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയേറെയാണ്. അതിനാൽ കർക്കടകത്തിൽ ആരോഗ്യകാര്യത്തിൽ കൂടുതലായി ശ്രദ്ധ വേണം. ശരീരബലവും ദഹനശേഷിയും കുറഞ്ഞ മാസമാണ് കർക്കടകം. രോഗപ്രതിരോധശേഷി കൂട്ടി ത്രിദോഷങ്ങളുടെ സന്തുലിതാവസ്‌ഥ നിലനിർത്തി ശരീരത്തിനെയും മനസ്സിനെയും റീചാർജ്ജ് ചെയ്തു പുത്തനുണർവ് നേടാനുള്ള വഴികളാണ് കർക്കടകത്തിലെ സുഖചികിത്സയും മരുന്നുകഞ്ഞിയും.
ജീവിതശൈലിയിലും ഭക്ഷണ–ആരോഗ്യശീലങ്ങളിലും ശ്രദ്ധിച്ചാൽ കർക്കടകം സുഖകരമായി കടന്നുപോകും. കർക്കടകം സുഖകരമാക്കാൻ ശ്രദ്ധിക്കേണ്ടവ
എണ്ണതേച്ചുകുളി
കർക്കടകത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന സുഖചികിത്സയാണ് എണ്ണതേച്ചു കുളി. രക്തയോട്ടത്തിലുണ്ടാകുന്ന കുറവ്, പേശികൾക്കും എല്ലുകൾക്കും സംഭവിക്കുന്ന രൂപമാറ്റങ്ങൾ, സ്‌ഥാനഭ്രംശങ്ങൾ, നാഡികൾക്കുണ്ടാകുന്ന തളർച്ച, ശരീരക്ഷീണം തുടങ്ങിയവ പരിഹരിക്കാൻ എണ്ണതേച്ചുള്ള കുളി ഉത്തമമാണ്. ശരീരപ്രകൃതി മനസ്സിലാക്കി വേണം ഏതു തൈലമാണ് ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാൻ.
സാധാരണയായി ധാന്വന്തരം തൈലമോ, വെളിച്ചെണ്ണയോ ഉപയോഗിച്ചാണു തേച്ചുകുളി. ശരീരത്തിൽ എണ്ണതേച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കുളിക്കാം. ശരീരം ചൂടുവെള്ളത്തിലും തല തണുത്ത വെള്ളത്തിലുമാണു കഴുകേണ്ടത്. രാത്രി തണുത്ത വെള്ളത്തിൽ കുളിക്കുന്നതു പൂർണമായും ഒഴിവാക്കുന്നതാണു നല്ലത്. ദേഹത്തെ എണ്ണമെഴുക്കു നീക്കാൻ പയറുപൊടി ഉപയോഗിച്ചാൽ ത്വക്കിന് ആരോഗ്യവും സൗന്ദര്യവും ഉണ്ടാകും.
തിളപ്പിച്ച വെള്ളം
കുടിക്കുന്ന വെള്ളത്തിൽ തേൻ ചേർക്കാം. ചുക്ക്, മല്ലി തുടങ്ങിയവയിട്ടു തിളപ്പിച്ച വെള്ളവും നല്ലത്. തുളസിയിലയും ചുക്കും കുറച്ചു കുരുമുളകും ചേർത്തു തിളപ്പിച്ചെടുത്താൽ ഒന്നാന്തരം ഔഷധപാനീയമായി. ജീരകം ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളം ദാഹശമനത്തിന് നല്ലതാണ്. അയമോദകം ചെറിയ അളവിൽ ചേർത്തതും ചുക്കുചേർത്തതുമായ വെള്ളവും ദാഹശമനത്തിന് ഉപയോഗിക്കാം. അരിഷ്ടങ്ങൾ കർക്കടകത്തിൽ ശരീരത്തിനു ഏറെ ഗുണം ചെയ്യും. മുന്തിരിങ്ങ ചേർത്ത അരിഷ്‌ടവും ഏറെ നല്ലത്.
സൂപ്പ്, ഇലക്കറി
പോഷകദായകമായതും ശുചിയുള്ളതും കാലാവസ്ഥയ്ക്കു ചേരുന്നതുമായ ഭക്ഷണം കർക്കടകത്തിൽ കഴിക്കാൻ ശ്രദ്ധിക്കണം. പൊതുവേ ദഹനശക്തി കുറയുന്ന കാലമായതിനാൽ അതിനു പറ്റിയ ചേരുവകളാണ് ഈ സമയത്തു നല്ലത്.
ചെറുപയർപരിപ്പ്, കുരുമുളക് എന്നിവ ചേർത്ത ഭക്ഷണങ്ങളും കോഴിമാംസ സൂപ്പും നല്ലതാണ്. പുളി, ഉപ്പ്, നെയ്യ്, തേൻ എന്നിവ ആഹാരത്തിൽ ചേർക്കാം. ഗോതമ്പ്, ചെറുപയർ, നവര, ചെന്നെല്ല് തുടങ്ങിയവ കൊണ്ടുള്ള ആഹാര പദാർഥങ്ങൾ ഇഷ്ടം പോലെ കഴിക്കാം. ആഹാരത്തിൽ ഇലക്കറികൾ നിർബന്ധമായും ഉൾപ്പെടുത്തണം. ഇലക്കറികളിൽ നിന്നു വൈറ്റമിൻ ധാരാളം ലഭിക്കും. അധികം കൊഴുപ്പും മസാലയും എണ്ണയും ചേർത്ത വിഭവങ്ങൾ, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുന്നത് ഉത്തമം.
സൂപ്പ് കുടിക്കാൻ പറ്റിയ കാലമാണു കർക്കടകം. മാംസവും പച്ചക്കറികളും ഉപയോഗിച്ചു സൂപ്പുണ്ടാക്കാം. അഷ്ടചൂർണം 10 ഗ്രാം ചൂടുവെള്ളത്തിൽ ചേർത്തു ഭക്ഷണത്തിനു മുൻപു കഴിക്കുന്നതു ദഹനശക്തി കൂട്ടും. മഴക്കാലത്തു ചെറുപയർ കറികൾ ധാരാളമുപയോഗിക്കാം. എളുപ്പം ദഹിക്കുമെന്നതും പ്രോട്ടീൻ ധാരാളമുണ്ടെന്നതും ഇതിന്റെ മെച്ചം. ഭക്ഷണപദാർഥങ്ങൾ ചെറുചൂടോടെ ഉപയോഗിക്കണം. പഴകിയ ഭക്ഷണം ഒരു കാരണവശാലും കഴിക്കരുത്.
ജീവിതചര്യ
കർക്കടത്തിലും, പൊതുവേ മഴക്കാലത്തും ആരോഗ്യം സൂക്ഷിക്കാൻ കിടപ്പിലും നടപ്പിലുമടക്കം ശ്രദ്ധ വേണം. പകലുറക്കവും രാത്രി ഉറക്കമിളപ്പും ആരോഗ്യത്തിനു നല്ലതല്ല. കഫപിത്തദോഷങ്ങൾക്ക് ഇത് കാരണമാകും. ശുചിയുള്ളതും ഈർപ്പമില്ലാത്തതുമായ വസ്‌ത്രങ്ങൾ മാത്രമേ ധരിക്കാവൂ. നനഞ്ഞ വസ്‌ത്രങ്ങൾ ഫംഗസ് ബാധയ്‌ക്കു കാരണമാകും. പ്രത്യേകിച്ച് അടിവസ്‌ത്രങ്ങൾ.
ചെരിപ്പില്ലാതെ യാത്ര ചെയ്യരുത്. യാത്ര കഴിഞ്ഞു വരുമ്പോൾ കൈകാലുകൾ കഴുകിയ ശേഷമേ വീട്ടിൽ പ്രവേശിക്കാവൂ. പരിസരശുചിത്വം പ്രധാനമാണ്. പരിസരത്തു വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. വെള്ളം കെട്ടി നിന്നാൽ അതിൽ അൽപം വേപ്പെണ്ണ തളിക്കുക. കൊതുക് ഉൾപ്പടെയുള്ളവയുടെ കീടങ്ങൾ നശിക്കും. ആര്യവേപ്പില കൊണ്ടു പുകയ്ക്കുന്നത് അണുനാശകമാണ്. ഈച്ചയും കൊതുകും കുറയും. അകിൽ, കുന്തിരിക്കം, ചന്ദനം എന്നിവയും പുകയ്ക്കാം.
വ്യായാമവും ശാരീരിക അധ്വാനവും കർക്കടകത്തിൽ മിതമായേ പാടുള്ളൂ. ജിമ്മിലെയടക്കം മൽപിടിത്തം ഒഴിവാക്കുന്നതാണു നല്ലത്. കഠിനജോലികൾ ഒഴിവാക്കണം. വ്യായാമം പതിവായി ചെയ്യുന്നവർക്കു തുടരാം. പക്ഷേ, മിതത്വം പാലിക്കണം. വലിയ അഭ്യാസ പ്രകടനങ്ങൾ കർക്കടകത്തിൽ ശരീരം താങ്ങില്ല.
മരുന്നുകഞ്ഞി
മരുന്നുകഞ്ഞി വീട്ടിൽ തയാറാക്കാം. നാല് വിഭവങ്ങൾ മാത്രം മതിയാകും. അരി, ഉലുവ, ജീരകം, അയമോദകം. അരിയുടെ അളവിന്റെ പകുതി ഉലുവ, ഉലുവയ്ക്കു പകുതി ജീരകം, ജീരകത്തിനും പകുതി അയമോദകം എന്ന ക്രമത്തിലാണ് ഉപയോഗിക്കേണ്ടത്. ഇവയെല്ലാം നന്നായി വേവിച്ചശേഷം തേങ്ങാപ്പാലും ചേർത്തു വാങ്ങി വച്ചാൽ മരുന്നുകഞ്ഞി തയ്യാറായി.
കടുത്ത വേനലിന്റെയും ചൂടിന്റെയും അസ്വസ്ഥതകൾ മാറുന്നതോടെ മനുഷ്യശരീരം പുഷ്ടിപ്പെടുന്ന സമയമാണു കർക്കടകം. ഈ സമയത്തു പരമാവധി ഔഷധമൂല്യം ശരീരത്തിലെത്തിക്കുക എന്നതാണു കർക്കടക ചികിത്സയുടെ ലക്ഷ്യം. അടുത്ത ഒരു വർഷത്തേക്കു നമ്മുടെ ശരീരത്തെ ആരോഗ്യപൂർണമാക്കി സുഖകരമായ ജീവിതം ഉറപ്പാക്കാനുള്ള വഴിയാണ് കർക്കടക ചികിത്സ.
ഭക്ഷണവും വ്യായാമവും ജീവിതശൈലികളും ക്രമീകരിക്കണം. ആകുലതകളും ജോലിയുടെയും മറ്റും സമ്മർദവും ഒഴിവാക്കാൻ അൽപസമയം ധ്യാനവും ശീലിക്കാം. പ്രാണായാമം, യോഗ പരിശീലനം എന്നിവയും ശീലിക്കാം. ശരീരത്തിനും മനസ്സിനും ഉണർവേകുന്ന പരിശീലനമാണ് കർക്കടകത്തിൽ വേണ്ടത്.