
തണുത്ത കാലാവസ്ഥയില്‍ മഴക്കാലരോഗങ്ങള്‍ തേടിയെത്തും. ശരീരവേദന, പനി, ചുമ, വാതരോഗങ്ങള്‍ എന്നിവയെ മറികടക്കാനും ആചാര്യന്മാരുടെയും പഴമക്കാരുടെയും കൈയില്‍ വിദ്യകളുണ്ടായിരുന്നു. സാധാരണക്കാരന്റെ ഭക്ഷണമായ കഞ്ഞിയില്‍ പച്ചമരുന്നുകളും അങ്ങാടിമരുന്നുകളും ചേര്‍ത്ത് മരുന്നുകഞ്ഞി ഉണ്ടാക്കി കുടുംബത്തില്‍ എല്ലാവരും ചേര്‍ന്ന് കഴിക്കുകയായിരുന്നു പതിവ്. ഇന്ന് മരുന്നുകഞ്ഞിക്കൂട്ട് കടകളില്‍ ലഭ്യമാണ്. തേങ്ങാമരുന്ന്, ചുക്കുകാപ്പി, ശരീരവേദനയകറ്റാന്‍ ഉഴിച്ചില്‍, പിഴിച്ചില്‍ എന്നീ ചികിത്സകളും കര്‍ക്കടകത്തില്‍ ചെയ്യാറുണ്ട്.
ആരോഗ്യ പരിപാലനത്തിനായി പറമ്പില്‍നിന്നു സുലഭമായി കിട്ടുന്ന പത്ത് ഇലകള്‍ കൊണ്ടുള്ള തോരന്‍ ഭക്ഷണത്തിനൊപ്പം ചേര്‍ക്കുവാനായിരുന്നു ആയുര്‍വേദ ആചാര്യന്മാരുടെ നിര്‍ദേശം. താള്, തകര, മത്തന്‍, കുമ്പളം, ചേന, ചേമ്പ്, ചീര, പയറ്, ആനത്തുമ്പ, തഴുതാമ എന്നിവയാണ് പത്തിലകള്‍.
ഉദരരോഗങ്ങള്‍ക്ക് ഉത്തമ ഔഷധമായി പത്തില തോരനെ ആയുര്‍വേദ ആചാര്യന്മാര്‍ കരുതുന്നു. ദേവന്മാര്‍ ഇലകളില്‍ അമൃത് വര്‍ഷിക്കുന്ന കാലമാണ് കര്‍ക്കടകം എന്ന സങ്കല്‍പത്തിലാണ് ഇത്. സാധാരണ തോരന്‍ വെയ്ക്കാറുള്ള മഴക്കാലത്ത് വിഷാംശമുണ്ടെന്നും അത് വര്‍ജിക്കണമെന്നും പറയുന്നു. കര്‍ക്കടകച്ചേമ്പ് കട്ടിട്ടെങ്കിലും കൂട്ടണമെന്ന് പഴഞ്ചൊല്ലില്‍ പറയുന്നുണ്ട്. ഭക്ഷണക്രമങ്ങള്‍ പിന്നെയും പലതുണ്ട് കർക്കടകത്തിൽ.