
കർക്കിടക മാസത്തിൽ ആചരിക്കുന്ന രാമായണ മാസം കേരളത്തിന്റെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തെയാണ് സൂചിപ്പിക്കുന്നത്. ഈ ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ ഇതിഹാസമായ രാമായണ പാരായണവും വിവിധ പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉൾപ്പെടുന്നു. അതിലൊന്നാണ് കർക്കിടകത്തിന് മുമ്പുള്ള വീടൊരുക്കൽ
കർക്കിടകത്തിന് മുമ്പ് വീട് എങ്ങനെ വൃത്തിയാക്കാം
ഹൈന്ദവ ആചാരപ്രകാരം ഏറെ പ്രാധാന്യമുള്ള ഒന്നാണ് കർക്കിടക മാസം. രാമായണ മാസം എന്നും ഇത് അറിയപ്പെടുന്നു. ഈ വർഷം ജൂലൈ 17 വ്യാഴാഴ്ചയാണ് കർക്കിടക മാസം ആരംഭിക്കുന്നത്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മീദേവിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യാനും വിഷ്ണു ഭഗവാന്റെ അനുഗ്രഹം നേടാനും കർക്കിടകം ഒന്നിന് മുൻപായി വീട് ഒരുക്കേണ്ടതുണ്ട്. വീട്ടിലെ നെഗറ്റീവ് ഊർജ്ജത്തെ അകറ്റി പോസിറ്റീവ് ഊർജ്ജം നിറയ്ക്കാൻ ഇത് സഹായിക്കുന്നു. അതിനായി കർക്കിടകം 1 നു മുമ്പ് വീട്ടിലുള്ള ഇത്തരം വസ്തുക്കൾ ഒഴിവാക്കേണ്ടതുണ്ട്.
തുളസി ചെടികൾ
എല്ലാ വീടുകളിലും കാണുന്ന ഒരു ചെടിയാണ് തുളസി. വീടിന്റെ മുന്നിൽ വാടിയതോ ഉണങ്ങിയതോ ആയ തുളസി ചെടികളുണ്ടെങ്കിൽ അത് നീക്കം ചെയ്യണം. തുളസി ചെടി ഉണങ്ങി നിൽക്കുന്നത് ദാരിദ്ര്യത്തെ ക്ഷണിച്ചു വരുത്തും എന്നാണ് വിശ്വാസം. ഇനി അഥവാ തുളസി ചെടി ഇല്ലാത്ത വീടാണെങ്കിൽ, കർക്കിടകത്തിന് മുൻപായി ഒരു തുളസിത്തൈ നട്ടു പരിപാലിക്കുന്നത് വളരെ നല്ലതാണ്.
ഉണങ്ങിയ ചെടികളും പൊട്ടിയ ചട്ടികളും
തുളസി ചെടിയെ പോലെത്തന്നെ വീടിന്റെ മുറ്റത്തുള്ള മാറ്റ് ചെടികൾക്കും പ്രാധാന്യമുണ്ട്. വീടിന്റെ മുന്നിൽ ഉണങ്ങിയ വൃക്ഷങ്ങളോ ചെടികളോ അതുപോലെ പൊട്ടിയ ചെടിച്ചട്ടികളോ, കരിഞ്ഞ ഇലകളോ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യണം. കർക്കിടക മാസത്തിൽ ഇത്തരം വസ്തുക്കൾ കണി കാണുന്നത് ജീവിത തകർച്ചയ്ക്ക് കാരണമാകുമെന്നാണ് വിശ്വാസം. മുറ്റം എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് പോസിറ്റീവ് ഊർജ്ജം വീടിനകത്തേക്ക് പ്രവഹിക്കാൻ സഹായിക്കും.
വീടിന്റെ കന്നിമൂല
വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയാണ് കന്നിമൂല. വാസ്തുശാസ്ത്രത്തിൽ ഇതിന് അതീവ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ വീടിനകത്തും പുറത്തും ഉള്ള ഈ ഭാഗം എപ്പോഴും വൃത്തിയുള്ളതായിരിക്കണം. കന്നിമൂലയിൽ മാറാലകളോ അഴുക്കുകളോ പാടില്ല. കർക്കിടകം ഒന്നിന് മുൻപ് ഈ ഭാഗം പൂർണ്ണമായുംവൃത്തിയാക്കിയിരിക്കണം. കന്നിമൂല വൃത്തിയില്ലെങ്കിൽ അത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്നാണ് വിശ്വാസം.
പണം സൂക്ഷിക്കുന്ന സ്ഥലം
വീട്ടിൽ പണം, സ്വർണം തുടങ്ങിയ വസ്തുക്കൾ സൂക്ഷിക്കുന്ന അലമാരയിലോ പെട്ടിയിലോ മേശയിലോ കീറിയതും ഉപയോഗമില്ലാത്തതുമായ തുണികളോ, പേപ്പറുകളോ, മറ്റ് വസ്തുക്കളോ ഉണ്ടെങ്കിൽ അവയെല്ലാം നീക്കം ചെയ്യണം. ലക്ഷ്മീദേവി കുടികൊള്ളുന്ന ധനസ്ഥാനം എപ്പോഴും വൃത്തിയുള്ളതും അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കേണ്ടതുമാണ്. ഇത് സമ്പത്തിക ഉന്നതിയെ സഹായിക്കും.
പൂജാമുറി - നിലവിളക്ക്
വീട്ടിലെ പ്രധാന ഇടമാണ് പൂജാമുറി. അതുപോലെ പ്രധാനമാണ് നിലവിളക്ക്. വീട്ടിൽ നിലവിളക്ക് തെളിക്കുന്നത് ഐശ്വര്യത്തിന്റെ പ്രതീകമാണ്. അതുകൊണ്ട് തന്നെ ചോർച്ചയുള്ളതോ, പൊട്ടിയതോ ആയ നിലവിളക്ക് ഉപയോഗിക്കാൻ പാടില്ല. എന്ന ചോർന്നു പോകുന്ന വിളക്കുകൾ ഉണ്ടെങ്കിൽ അവ മാറ്റണം. ചോർച്ചയുള്ള വിളക്ക് ഐശ്വര്യം ഇല്ലാതാക്കുന്നു. കർക്കിടക മാസത്തിൽ നിലവിളക്കിന് പ്രത്യേക പ്രാധാന്യമുള്ളതിനാൽ ഇത് നിർബന്ധമായും ശ്രദ്ധിക്കണം.
പൂജാമുറി ഇപ്പോഴും വൃത്തിയുള്ളതായിരിക്കണം. ഉണങ്ങിയതും കരിഞ്ഞതുമായ പൂക്കൾ, അമ്പലത്തിലെ അർച്ചന അർപ്പിച്ച ഇലകൾ, ഉപയോഗശൂന്യമായ നിലവിളക്കുകൾ, പൊട്ടിയ വിഗ്രഹങ്ങൾ, കീറിയതും നിറം മങ്ങിയതുമായ ദേവീ-ദേവന്മാരുടെ ചിത്രങ്ങളും കലണ്ടറുകളും എന്നിവയെല്ലാം നീക്കം ചെയ്യുക. ഉപയോഗിക്കാത്ത നിലവിളക്കുകൾ തുടച്ച് വൃത്തിയാക്കി സൂക്ഷിക്കണം. പൂജാമുറി വൃത്തിയുള്ളതായാൽ അവിടെ ലക്ഷ്മീദേവി കുടികൊള്ളുകയും വീട്ടിൽ ഐശ്വര്യം നിറയുകയും ചെയ്യും.
വീട്ടിലെ മറ്റ് വസ്തുക്കൾ
വീട്ടിൽ ഉപയോഗിക്കുന്ന ക്ലോക്കുകൾ വളരെ പ്രാധാന്യമാണ്. അതുപോലെ തന്നെ കലണ്ടറുകളും. വീട്ടിൽ പഴയ കലണ്ടറുകൾ ഉണ്ടെങ്കിൽ അത് മാറ്റണം. അതുപോലെ നിലച്ച ക്ലോക്കുകൾ വീട്ടിൽ സൂക്ഷിക്കരുത്. വാസ്തുശാസ്ത്രപ്രകാരം ഇവ രണ്ടും നെഗറ്റീവ് ഊർജ്ജത്തെ പ്രധാനം ചെയ്യും. കാലത്തിന്റെ ഒഴുക്കിനെ ഇവ തടസ്സപ്പെടുത്തുന്നതായാണ് പറയപ്പെടുന്നത്. ഇവ വീട്ടിൽ ദാരിദ്ര്യം, കാര്യതടസ്സങ്ങൾ, കുടുംബകലഹം എന്നിവയ്ക്ക് ഇടയാക്കും.
വീടിന്റെ പ്രധാന വാതിൽ എപ്പോഴും വൃത്തിയായിരിക്കണം. പൊടിയോ അഴുക്കോ മാറാലയോ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യണം. വീട്ടിലെ അരി സൂക്ഷിക്കുന്ന പാത്രം, എപ്പോഴും വൃത്തിയാക്കി അരി നിറച്ച് വയ്ക്കണം. ഇവയെല്ലാം ഐശ്വര്യത്തെ പ്രധാനം ചെയ്യുന്ന കാര്യങ്ങളാണ്. കൂടാതെ, പഴകിയ ഭക്ഷണവസ്തുക്കളോ ചീത്തയായവയോ ഉണ്ടെങ്കിൽ അതും മാറ്റണം.