ആത്മവിശുദ്ധിയുടെ രാമായണ മാസം; രാമായണ പാരായണം അറിയേണ്ടതെല്ലാം|Ramayana Month

 Ramayana Month
Published on

വാല്‌മീകിരാമായണവും വസിഷ്‌ഠ രാമായണവും ചേരുമ്പോഴാണ് രാമായണ കഥ എല്ലാ അർത്ഥത്തിലും പൂർത്തിയാകുന്നത്. രണ്ടും കൂടി 56,000 ശ്ലോകങ്ങളാണ് ഉള്ളത്. ഇത്രയും വായിക്കാൻ ക്ലേശമുള്ള കലികാലത്തിനു വേണ്ടി വ്യാസഭവാൻ അദ്ധ്യാത്മ രാമായണം എഴുതി എന്നും വിശ്വസിക്കപ്പെടുന്നു.

നിത്യവും രാമായണം വായിക്കുന്ന രീതി ഇന്നും കേരളത്തിലുണ്ട്. ഏറ്റവും ഉത്തമമായ വായന അതുതന്നെയാണ്. പക്ഷേ, കർക്കടകമാസത്തിൽ വ്രതം പോലെ രാമായണം വായിക്കാനും മനനം ചെയ്യാനുമായി പിൽക്കാലത്ത് ശീലിച്ചു തുടങ്ങി. അശുഭ സംഭവങ്ങൾ വരുന്ന രാമായണ ഭാഗം പാരായണം ചെയ്‌ത് നിർത്തരുത്, ആ ഭാഗം തുടങ്ങുകയും ചെയ്യരുത്. ഒരു സന്ദർഭത്തിന്റെ മധ്യത്തിൽ വച്ച് നിർത്തരുത്. ചില ദിവസങ്ങളിൽ തലേദിനം വായിച്ച ചില ഭാഗങ്ങളിൽ നിന്നു തുടങ്ങേണ്ടതായും വരും. ശ്രീരാമപട്ടാഭിഷേകം വരെയാണ് വായിച്ചു സമർപ്പിക്കേണ്ടത്.

കര്‍ക്കടകം 1 മുതല്‍ 30 വരെ ഓരോ ഭാഗം പാരായണം ചെയ്യാം. പതിനഞ്ചാം ദിവസം ബാലിവധം, ഇരുപത്തഞ്ചാം ദിവസം കുംഭകര്‍ണവധം, ഇരുപത്തെട്ടാം ദിവസം രാവണവധം, മുപ്പതാം ദിവസം പട്ടാഭിഷേകം. ഓരോ ദിവസവും വായന കഴിഞ്ഞാൽ

“പൂർവ്വം രാമ-തപോവനാധിഗമനം,

ഹത്വാമൃഗം കാഞ്ചനം, വൈദേഹീഹരണം,

ജടായുമരണം, ലങ്കാപുരീദാ ഹനം,

പശ്ചാത് രാവണ കുംഭകർണ നിധനം ഹ്യേ തദ്ധി രാമായണം”

എന്ന ഏകശ്ലോകരാമായണം ചൊല്ലിയിരിക്കണം.

രാമായണ പാരായണം ഓരോ ദിവസവും

ഒന്നാം ദിവസം : രാമായണ മാഹാത്മ്യം.

രണ്ടാം ദിവസം : ശ്രീരാമാവതാരം.

മൂന്നാം ദിവസം : വിശ്വാമിത്രാഗമനം, താടകാ വധം, യാഗരക്ഷ.

നാലാം ദിവസം : അഹല്യാമോക്ഷം, സീതാസ്വയം വരം.

അഞ്ചാം ദിവസം : പരശുരാമദർശനം, അയോദ്ധ്യാവാസം.

ആറാം ദിവസം : അഭിഷേക വിഘ്നം.

ഏഴാം ദിവസം : ശീരാമന്റെ വനയാത്ര.

എട്ടാം ദിവസം : ഗുഹസംഗമം.

ഒൻപതാം ദിവസം : ചിത്രകൂട പ്രവേശം, ഭരതാഗമനം.

പത്താം ദിവസം: പാദുക പട്ടാഭിഷേകം.

പതിനൊന്നാം ദിവസം : ദണ്ഡ കാരണ്യപ്രവേശം, അഗസ്ത്യസ്തുതി.

പന്ത്രണ്ടാം ദിവസം : ജടായുസംഗമം, പഞ്ചവടിവാസം, ശൂർപ്പണഖാഗമനം.

പതിമൂന്നാം ദിവസം : സീതാപഹരണം.

പതിനാലാം ദിവസം: ജടായുമോക്ഷം, ശബരീമുക്തി.

പതിനഞ്ചാം ദിവസം : ഹനുമദ് സംഗമം, സുഗ്രീവസഖ്യം, ബാലിവധം.

പതിനാറാം ദിവസം : താരോപദേശം, സ്വീതാന്വേഷണാരംഭം.

പതിനേഴാം ദിവസം : സ്വയംപ്രഭാ ചരിതം, സമുദ്രലംഘനം.

പതിനെട്ടാം ദിവസം : ലങ്കാദഹനം.

പത്തൊമ്പതാം ദിവസം : സമുദ്ര തീരപ്രാപ്തി.

ഇരുപതാം ദിവസം : വിഭീഷണ ശരണാഗതി.

ഇരുപത്തൊന്നാം ദിവസം : രാമേശ്വര പ്രതിഷ്ഠ.

ഇരുപത്തിരണ്ടാം ദിവസം: സേതുബന്ധനം.

ഇരുപത്തിമൂന്നാം ദിവസം : ലങ്കാവിവരണം.

ഇരുപത്തിനാലാംദിവസം : യുദ്ധാരംഭം.

ഇരുപത്തഞ്ചാം ദിവസം : കുംഭകർണ്ണവധം, നാരദസ്തുതി.

ഇരുപത്തിയാറാം ദിവസം : മേഘനാദവധം, രാമരാവണയുദ്ധം.

ഇരുപത്തിയേഴാം ദിവസം : അഗസ്ത്യാഗമനം, ആദിത്യസ്തുതി.

ഇരുപത്തെട്ടാം ദിവസം : രാവണവധം, വിഭീഷണ പട്ടാഭിഷേകം.

ഇരുപത്തൊമ്പതാം ദിവസം : സീതാസ്വീകരണം, മടക്കയാത്ര, ഭരതസംഗമം.

മുപ്പതാം ദിവസം : അയോദ്ധ്യാ പ്രവേശം, പട്ടാഭിഷേകം.

കർക്കടകമാസം കൊണ്ട് പൂർണമായി വായിച്ചു തീർക്കാൻ ഭഗവദ് കൃപയ്‌ക്കായി പ്രാർത്ഥിക്കുക.

Related Stories

No stories found.
Times Kerala
timeskerala.com