
രാമായണം വീട്ടിലാണ് വായിക്കുന്നതെങ്കിൽ ഉത്തമസമയം സന്ധ്യയ്ക്ക് 7 മണി കഴിഞ്ഞ് 10 മണി വരെയുള്ള ദുർഗ്ഗായാമമാണ്. എന്നാൽ ക്ഷേത്രത്തിൽ വ്യത്യസ്ഥവുമാകുന്നു. യാതൊരു കേടുപാടുമില്ലാത്ത മഹത്ഗ്രന്ഥമാണ് പാരായണത്തിന് ഉപയോഗിക്കേണ്ടത്. മഹത്ഗ്രന്ഥം പരിശുദ്ധമായ പീഠത്തിലോ പട്ടിലോ വയ്ക്കണം. കുളികഴിഞ്ഞ് വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച് മന:ശുദ്ധിയോടെ വേണം ഗ്രന്ഥം കൈയിലെടുക്കാന്‍. 11 പേരുള്ള അതായത് ശ്രീരാമൻ, സീത, വസിഷ്ഠൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരൻ, നാരദൻ എന്നിവരുൾപ്പെട്ട ശ്രീരാമപട്ടാഭിഷേക ചിത്രം വയ്ക്കണം. അല്ലാത്ത ചിത്രം വയ്ക്കാൻ പാടുള്ളതല്ല, അത് അപൂർണ്ണമാണ്. കിഴക്ക് സൂര്യനുള്ളപ്പോൾ പടിഞ്ഞാറ് ചന്ദ്രനുണ്ടായിരിക്കും. തെക്കോട്ടിരുന്ന് ഒരു കർമ്മവും ചെയ്യാൻ പാടില്ല. അതിനാൽ ചിത്രത്തിനു മുമ്പിൽ വടക്കോട്ട് ഇരുന്നു വേണം രാമായണ പാരായണം തുടങ്ങാന്‍. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിലായിരിക്കണം ആദ്യമായി ഗ്രന്ഥം എടുത്ത് പാരായണം തുടങ്ങേണ്ടത്.
പലകമേലോ വിരിപ്പിന്മേലോ ഇരുന്നുവേണം പാരായണം ചെയ്യാൻ. മുന്നിൽ നോക്കി വായിക്കത്തക്ക വണ്ണം ഉയർന്ന പീഠത്തിൽ രാമായണം വെച്ചിരിക്കണം. മുന്നിൽ 2 മുതൽ 7 വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് നിലവിളക്ക് തെളിയിക്കണം. വിളക്കിൽ പാർവ്വതീ-പരമേശ്വരന്മാരും ഗണപതിയും ഹനുമാനും മറ്റെല്ലാ ദേവതകളും കുടികൊള്ളുന്നു. അതുകൊണ്ട് തുളസിയോ മറ്റ് പൂക്കളോ കൊണ്ട് വിളക്കുപൂജ ചെയ്യുന്നതും ഉത്തമമാണ്.
ആദ്യം ശ്രീരാമസ്‌തുതികള്‍ ചൊല്ലണം. പിന്നീടേ പാരായണം തുടങ്ങാവൂ. വായിച്ച് തുടങ്ങുമ്പോൾ വാല്മീകി, തുഞ്ചത്ത് എഴുത്തച്ഛൻ, ഗുരുക്കന്മാർ, ഗണപതി, സരസ്വതി, പാർവ്വതി, ശ്രീ മഹാദേവൻ, വിഷ്ണു, ഹനുമാൻ എന്നിവരെ സ്മരിക്കുകയും അറിയുമെങ്കിൽ ഇവരുടെ ശ്ലോകങ്ങൾ ചൊല്ലുകയും വേണം. അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യാൻ. മറ്റു കാര്യങ്ങളിൽ ഇടപെടാൻ പാടില്ല. അത്രത്തോളം ഏകാഗ്രതയും ശ്രദ്ധയും വേണം. പാരായണം ചെയ്യുമ്പോൾ വീട്ടുകാർ എല്ലാരും ഒരുമിച്ചിരിക്കുകയും അതില്‍ ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്ധിക്കുകയും വേണം. ഓരോ ദിവസവും പറഞ്ഞിരിക്കുന്ന ക്രമത്തിൽ വായന പൂർത്തിയാക്കണം. ഏതെങ്കിലും കാരണത്താൽ (പുല-വാലായ്മ) വായന മുടങ്ങിയാൽ അതിനുശേഷം ആ മുടങ്ങിയ ഭാഗങ്ങൾകൂടുതലായി ഉൾപ്പെടുത്തി വായന പൂർത്തിയാക്കുകയും വേണം.
രാമായണ പാരായണം ആരംഭിക്കുന്നത് ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തിൽ നിന്നായിരിക്കണം. ഏതൊരു ഭാഗം വായിക്കുന്നതിനു മുമ്പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തിരിക്കണം. ശ്രേഷ്ഠകാര്യങ്ങൾ വർണ്ണിക്കുന്നിടത്തുനിന്ന് ആരംഭിച്ച് നല്ല കാര്യങ്ങൾ വിവരിക്കുന്നിടത്ത് അവസാനിപ്പിക്കണം. യുദ്ധം, കലഹം, മരണം തുടങ്ങിയവ വർണ്ണിക്കുന്നിടത്തു നിന്ന് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിർത്തുന്നതാണ് ഉത്തമം. നിത്യപാരായണം ചെയ്യുമ്പോൾ യുദ്ധകാണ്ഡത്തിന്റെ അവസാനഭാഗത്തു നൽകിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്തു വേണം അവസാനിപ്പിക്കാൻ.
കർക്കടകമാസത്തിൽ പാരായണം ചെയ്യുമ്പോൾ ആ മാസത്തിൽ ചില വർഷങ്ങളിൽ 30, 31, 32 ദിവസങ്ങളുണ്ടാകും. ദിവസങ്ങൾ എത്രയുണ്ടെന്ന് കണക്കാക്കി രാമായണത്തിലെ പേജുകള്‍ വിഭജിക്കണം. ഒരു നല്ല ഭാഗം വരുന്ന അധ്യായത്തിൽ അവസാനിപ്പിക്കണം. ദോഷം വരുന്ന അധ്യായത്തിൽ അവസാനിപ്പിക്കരുത്. തലേദിവസം വായിച്ചു നിര്‍ത്തിയ അധ്യായം കൂടി അടുത്തദിവസം പാരായണം ചെയ്ത് പോകേണ്ടതാണ്.
സന്ധ്യയ്ക്ക് രാമായണം പാരായണം
ശ്രീരാമഭക്തനായ ആഞ്ജനേയ സ്വാമി രാമ നാമം ജപിക്കുന്ന സമയമാണ് സന്ധ്യയെന്നും ഈ സമയത്ത് രാമായണം പാരായണം ചെയ്യുന്നത് ദോഷകരമാണെന്നും ഒരു അന്ധവിശ്വാസമുണ്ട്. ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസമാണ്. സന്ധ്യാസമയത്ത് രാമായണം വായിക്കാത്തതിന് മറ്റൊരു കാരണമുണ്ട്. എവിടെ രാമായണ പാരായണം നടന്നാലും അവിടെയെല്ലാം ഹനുമാൻ ആനന്ദാശ്രു ചൊരിഞ്ഞുകൊണ്ട് അത് കേൾക്കാനിരിക്കുമെന്നാണ് വിശ്വാസം. ദേവന്മാർ, ഗന്ധർവന്മാർ, കിന്നരന്മാർ, യക്ഷന്മാർ, പരേതാത്മാക്കൾ തുടങ്ങിയവരെല്ലാം ഇത് കേൾക്കാൻ സന്നിഹിതരാകും. ത്രിസന്ധ്യാ സമയത്ത് രാമായണം വായിച്ചാൽ ഇക്കൂട്ടരുടെയെല്ലാം സന്ധ്യാവന്ദനം മുടങ്ങും. ഹനുമാനാണെങ്കില്‍ എല്ലാ സന്ധ്യയിലും തർപ്പണമുണ്ട്. നാരദന് നിവേദ്യം സന്ധ്യയ്ക്കാണ്. ചില അമൃതസ്വരൂപികളായ ബ്രാഹ്മണ ശ്രേഷ്ഠന്മാർക്ക് സന്ധ്യാവന്ദനമുണ്ട്. അത് നടപ്പിലാക്കുന്നതിനു വേണ്ടിയാണ് സന്ധ്യയ്ക്കുള്ള രാമായണ പാരായണം നിർത്തി വയ്ക്കുകയും ആ സമയം കഴിഞ്ഞ് തുടരുകയും ചെയ്യുന്നത്.
കർക്കടകമാസത്തിലെ മുഴുവൻ ദിവസവും പാരായണത്തിന് കഴിയാത്തവർക്ക് ഒരു ദിവസമായോ, 3 ദിവസമായോ, 5 ദിവസമായോ, 7 ദിവസമായോ പാരായണം ചെയ്തു തീർക്കാം. രാവിലെ തുടങ്ങി സൂര്യാസ്തമയത്തിനുശേഷം തീരത്തക്ക വണ്ണം പാരായണം ചെയ്യാം. എത്ര താമസിച്ചാലും കുഴപ്പമില്ല. പൂർത്തിയാക്കുന്നതുവരെ കെടാവിളക്ക് സൂക്ഷിക്കണം.