
ദുബായ് : ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി ഒന്നര വയസ്സുകാരി വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു. ദുബായ് ന്യൂ സോനപുരിയിലായിരുന്നു സംസ്‌കാരം.പ്രാദേശിക സമയം നാല്മണിയോടെ ഹൈന്ദവ ആചാര പ്രകാരമാണ് ചടങ്ങുകൾ നടന്നത്.
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് ഈ മാസം എട്ടിന് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കി എന്നാണ് നിഗമനം.
വൈഭവിയുടെ അച്ഛൻ നിധീഷ്, നിതീഷിന്റെ ബന്ധുക്കൾ, വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരൻ വിനോദ് മോഹൻ തുടങ്ങിയവർ കുഞ്ഞിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുവരും. വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, വിപഞ്ചികയുടെ മരണത്തിൽ ഭര്‍ത്താവ് നിധീഷ്, സഹോദരി നീതു ബെനി, ഭര്‍തൃപിതാവ് എന്നിവരുടെ പേരിൽ കേസ് രജിസ്റ്റർ ച്യ്തിട്ടുണ്ട്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്. വിപഞ്ചികയുടെ അമ്മ ശൈലജ നൽകിയ പരാതിയിലാണ് കുണ്ടറ പൊലീസ് കേസെടുത്തിട്ടുള്ളത്.
വിപഞ്ചികയെ സ്ത്രീധനത്തെച്ചൊല്ലി ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് കേസ്. നിധീഷ് ഒന്നാം പ്രതിയും നീതു രണ്ടാം പ്രതിയും ഇവരുടെ അച്ഛൻ മൂന്നാം പ്രതിയുമാണ്.