അബുദാബി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി പ്രത്യേക കുർബാന നാളെ വൈകിട്ട് 7ന് അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ നടക്കും. ദക്ഷിണ അറേബ്യയുടെ അപ്പോസ്തലിക് വികാരി ബിഷപ് പൗലോ മാർട്ടിനെല്ലി മുഖ്യ കാർമികത്വം വഹിക്കും. യുഎഇയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെ വികാരിമാരും മറ്റു പുരോഹിതരും ഉൾപ്പെടെ വൻ ജനാവലി കുർബാനയിൽ പങ്കെടുക്കും. മാർപാപ്പ മരിച്ച ദിവസം മുതൽ എല്ലാ ദിവസവും വൈകിട്ട് 7ന് ഇവിടെ പ്രത്യേക പ്രാർഥന നടത്തിവരുന്നുണ്ട്.
2019 ഫെബ്രുവരിയിൽ മാർപാപ്പ യുഎഇയിലെത്തിയപ്പോൾ സന്ദർശിച്ച ഏക ദേവാലയമാണ് അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രൽ. ഇവിടെ പ്രവേശന കവാടത്തിലും അകത്തും സ്ഥാപിച്ച മാർപാപ്പയുടെ ഛായാചിത്രത്തിനു മുന്നിലെത്തി നിരവധിപ്പേർ പ്രാർഥിക്കുകയും അന്ത്യാഞ്ജലിയർപ്പിക്കുകയും ചെയ്യുന്നുണ്ട്. യുഎഇയിലെ മറ്റു കത്തോലിക്കാ ദേവാലയങ്ങളിലും മാർപാപ്പയ്ക്കുവേണ്ടി പ്രത്യേക പ്രാർഥന നടത്തി.