

മക്ക: മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അഞ്ച് പ്രവാസികളെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. വിശുദ്ധ നഗരത്തിലെ ഒരു മസാജ് പാർലർ കേന്ദ്രീകരിച്ച് സദാചാര വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കമ്യൂണിറ്റി സെക്യൂരിറ്റി, ആന്റി ഹ്യൂമൻ ട്രാഫിക്കിങ് വിഭാഗങ്ങളുമായി സഹകരിച്ചാണ് മക്ക പോലീസ് പരിശോധന നടത്തിയത്. പിടിയിലായവർ സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മുൻസിപ്പൽ ചട്ടങ്ങൾ പൂർണ്ണമായും ലംഘിച്ചാണ് ഈ പാർലർ പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. സൗദി അറേബ്യയിലെ തൊഴിൽ, താമസ നിയമങ്ങളും സദാചാര നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.