ദുബായ്: മറീനയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധ. നിലവിൽ ആളുകൾ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് 67 നിലകളുള്ള മറീന പിനാക്കിൾ – ടൈഗർ ടവറിൽ തീപിടിത്തമുണ്ടായത്. ഇപ്പോൾ തീ നിയന്ത്രണ വിധേയമായെന്നും ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.
ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ ആറ് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രത്യേക യൂണിറ്റുകൾ 764 അപ്പാർട്ട്‌മെന്റുകളിലെ 3,820 താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ഇന്ന് പുലർച്ചെ 2.21നാണ് ഒഴിപ്പിക്കൽ ശ്രമങ്ങൾ പൂർത്തിയായത്. അധികൃതർ ഇപ്പോൾ കെട്ടിടത്തിന്റെ ഡെവലപറുമായി ചേർന്ന് താമസക്കാർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും താമസിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് മുകൾ നിലയിൽ നിന്ന് തുടങ്ങിയ തീ താഴത്തെ നിലകളിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ താഴേയ്ക്ക് പതിച്ച് ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.