
ദുബായ്: ഇസ്രയേലിന്റെ കടന്നു കയറ്റങ്ങൾ ചെറുക്കുന്നതിൽ ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ പരാജയമാണെന്ന് യുഎഇ കുറ്റപ്പെടുത്തി. സുരക്ഷാ കൗൺസിൽ യോഗത്തിൽ യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷാണ് യുഎൻ സുരക്ഷാ കൗൺസിലിനെ നിശിതമായി വിമർശിച്ചത്.
"യുഎൻ ചട്ടങ്ങളുടെ അടിസ്ഥാന തത്വങ്ങൾ ഇസ്രയേൽ പലവട്ടം ലംഘിച്ചിട്ടും തടയാൻ സുരക്ഷാ കൗൺസിൽ ഒന്നും ചെയ്തില്ല. ഖത്തർ ഒറ്റയ്ക്കല്ല, സുരക്ഷാ കൗൺസിൽ ഒന്നായി ഖത്തറിനുവേണ്ടി, സമാധാനത്തിനുവേണ്ടി, നീതിക്കുവേണ്ടി ശബ്ദമുയർത്തണം. ഇസ്രയേലിന്റെ അതിക്രമത്തെ തള്ളിപ്പറയണം. സുരക്ഷാ കൗൺസിലിന്റെ പൊതുവികാരം മേഖലയിൽ മാറ്റങ്ങൾക്കു കാരണമാകും." - ഗർഗാഷ് പറഞ്ഞു.