
ദോഹ: ഖത്തറിലെ എല്ലാവിധ സമുദ്ര ഗതാഗതത്തിനും ഇന്ന് മുതല്‍ രണ്ടു ദിവസത്തേക്ക് താല്‍ക്കാലിക വിലക്കേർപ്പെടുത്തി ഗതാഗത മന്ത്രാലയം. സെപ്റ്റംബർ 14, 15 തീയതികളിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയ്ക്ക് ദോഹ വേദിയാകുന്ന സാഹചര്യത്തിലാണ് നിർദേശം. രാജ്യവ്യാപകമായ പൊതുസുരക്ഷയുടെ ഭാഗമായാണ് സമുദ്ര ഗതാഗതം നിരോധിച്ചിരിക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യത്തെ കപ്പൽ, ബോട്ട് ഉടമകളോട് ജല വാഹനങ്ങൾ സമുദ്രത്തിൽ ഇറക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഹമദ് രാജ്യാന്തര വിമാനത്താവളം മുതല്‍ ലുസെയ്ല്‍ സിറ്റിയിലെ വാട്ടര്‍ഫ്രണ്ട് വരെയുള്ള സമുദ്രത്തിലാണ് സെപ്റ്റംബര്‍ 13 ന് പ്രാദേശിക സമയം രാത്രി 9 മുതൽ 15ന് രാത്രി 9 വരെ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ എല്ലാ ബോട്ട്, കപ്പല്‍, യാട്ട് ഉടമകളും യാതൊരുവിധ സമുദ്ര സഞ്ചാരത്തിലും ഏര്‍പ്പെടരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വ്യവസ്ഥ ബാധകമായിരിക്കും.
വിനോദം, ടൂറിസം, മീന്‍പിടിത്തം ഉള്‍പ്പെടെയുള്ള സമുദ്ര പ്രവര്‍ത്തനങ്ങളും ജെറ്റ് സ്‌കൂട്ടറുകള്‍, ജെറ്റ് ബോട്ടുകള്‍ എന്നിവയിലുള്ള സഞ്ചാരങ്ങളും നിരോധിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും നിര്‍ദേശം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സെപ്റ്റംബർ 9ന് ഖത്തറിലെ ലഗ്താഫിയയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങളുടെ താമസ കേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടേയും അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെയും അടിയന്തര ഉച്ചകോടി ദോഹയിൽ ചേരുന്നത്.