
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തോൽവി നേരിട്ട സാഹചര്യത്തിൽ പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നേരിടുമെന്ന് അൻവർ പറഞ്ഞു(PV Anwar). ഇതിനായി ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി ഒരു മുന്നണി ഉണ്ടാക്കുമെന്നും തൃണമൂൽ കോൺഗ്രസ് മുന്നണിയെ നയിക്കുമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. ഇന്ന് നിലമ്പൂരിൽ വാർത്താസമ്മേളനത്തിലാണ് അൻവർ ഇക്കാര്യം വ്യക്തമാക്കിയത്.
തന്നെ കുറിച്ച് സി.പി.എം ചർച്ച ചെയ്തതിൽ സന്തോഷമുണ്ടെന്നും യുഡിഎഫ് പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാൻ താനില്ലെന്നും അൻവർ അഭിപ്രായപ്പെട്ടു. ഡിഎഫ് പ്രവേശന വിഷയം സംബന്ധിച്ച് തന്നോട് ആരും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല; മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പിണറായി സർക്കാർ മുതലെടുപ്പ് നടത്തുകയാണെന്നും അൻവർ ആരോപിച്ചു. പുനരധിവാസത്തിൽ സഹായിക്കാൻ വന്ന സംഘടനകളെ സർക്കാർ അടിച്ചോടിച്ചതായും അൻവർ കുറ്റപ്പെടുത്തി.