റിപ്പോർട്ട് : അൻവർ ഷരീഫ്
കൊണ്ടോട്ടി :ഓണപ്പൂക്കള വിപണി ലക്ഷ്യമിട്ട് എടവണ്ണപ്പാറ കൊണ്ടോട്ടി റൂട്ടിൽ വട്ടപ്പറമ്പിൽ താമസിക്കുന്ന ഹസീന 25 സെൻറിൽ ചെണ്ടുമല്ലി കൃഷി നടത്തി. വട്ടപ്പറമ്പിലെ കുനിയിൽ റോഡിൻറെ ഒരു വശത്താണ് ചെണ്ടുമല്ലിയുടെ മനോഹരമായ തോട്ടം. കണ്ണിന് കുളിർമയേകുന്ന ദൃശ്യമാണ് റോഡിൽ നിന്നും കാണാവുന്നത്.
വട്ടപ്പറമ്പ് പരിപ്പിനിക്കാടൻ അബ്ദുൽ റഹൂഫിന്റെ ഭാര്യ ഹസീന 12 വർഷത്തോളമായി കൃഷി രംഗത്തുണ്ട്. വീട്ടുമുറ്റത്തും ടെറസിനു മുകളിലുമായി ഔഷധസസ്യങ്ങൾ കാഖ്, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി പലതരം കൃഷികളും ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷിക്കാണ് മുൻതൂക്കം നൽകുന്നത്. വനിത കർഷകക്കുള്ള കൃഷിഭവന്റെ പുരസ്കാരം നേരത്തെ ഹസീനക്ക് ലഭിച്ചിട്ടുണ്ട്. ഔഷധസസ്യങ്ങളിൽ നിന്ന് പലതരം മൂല്യ വർധിത വസ്തുക്കൾ ഉൽപ്പാദിപ്പിച്ച് വില്പന നടത്തിയും ഉപജീവനമാർഗ്ഗം കണ്ടെത്തുന്നു.
കഴിഞ്ഞ ജൂൺ 10നായിരുന്നു ചെണ്ടുമല്ലി കൃഷിയുടെ തുടക്കം 2500 ഓളം ഹൈബ്രിഡ് തൈകൾ ആണ് കൃഷി ചെയ്തത്. ഹസീനക്ക് കൃഷിയിൽ പ്രോത്സാഹനം നൽകുന്നത് ഭർത്താവ് റഹൂഫും മക്കളായ മുഹമ്മദ് അഷ്മിലും മുഹമ്മദ് അഹ്സിനുമാണ്.
രണ്ടു വയസ്സുള്ള അസ്മി ഫാത്തിമയെയും കൊണ്ടാണ് ഹസീനയുടെ കൃഷി പരിപാലനവും. ഹസീനയുടെ ചെണ്ടുമല്ലി കൃഷി കാണാൻ നിരവധി പേരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കുടുംബശ്രീയുടെ ഓണം പൂ കൃഷി ക്യാമ്പെയ്‌നായ നിറ പൊലിമയുടെ ഭാഗമായാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. നിലവിൽ കുടുംബശ്രീ ജെ-എൽ-ജി അംഗം കൂടിയാണ് ഹസീന.