നിലമ്പൂരിൽ ആദ്യം മുതൽ തന്നെ ആര്യാടൻ ഷൗക്കത്തിൻ്റെ മേൽക്കോയ്മയാണ് കണ്ടത്. 11005 വോട്ട് ഭൂരിപക്ഷത്തിൽ അദ്ദേഹം ജയവും നേടി. ഏറെ ആത്മവിശാസം ഉണ്ടെന്ന് പറഞ്ഞിരുന്ന ഇടതുമുന്നണിയുടെ സ്വരാജ് സ്വന്തം ബൂത്തിലും ജന്മനാട്ടിലും പോലുമിടറി വീണു.(Nilambur By-election Result 2025)
അദ്ദേഹത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ല. ഓരോ റൗണ്ട് കഴിയും തോറും നിരാശ ആയിരുന്നു ഫലം. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വെല്ലുവിളിക്ക് പിന്നാലെയാണ് എം സ്വരാജ് തന്നെ നിലമ്പൂരിൽ ഇറങ്ങുന്നുവെന്ന വാർത്ത വരുന്നത്. പിന്നാലെ വൻ പ്രചാരണവും നടത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയത് നാല് പ്രാവശ്യമാണ്. എന്നാൽ, അമ്പേ പരാജയപ്പെട്ടത് സി പി ഐ എം നേതൃത്വത്തെയാകെ ഞെട്ടിച്ചു കളഞ്ഞു. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്‍റെയും, ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ മുന്നേറിയത് ആര്യാടൻ ഷൗക്കത്താണ്.
തിരിച്ചടി നേരിട്ടുവെന്നും, കാരണം പരിശോധിക്കുമെന്നും പറഞ്ഞ് സ്വരാജ് രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ കാര്യം അദ്ദേഹം ഉദാഹരണമായി പറഞ്ഞു. ഇത് ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.
പ്രതീക്ഷയ്ക്കനുസരിച്ച് പ്രകടനം നടത്താൻ സാധിച്ചില്ലെന്നും, ജനങ്ങളുടെ പ്രശ്നങ്ങള്‍ മാത്രമാണ് മുന്നോട്ടു വച്ചതെന്നും പറഞ്ഞ അദ്ദേഹം, തനിക്ക് താനായി തന്നെ നിൽക്കാൻ സാധിച്ചുവെന്നും ചൂണ്ടിക്കാട്ടി. ഒരു വര്‍ഗീയ വാദിയുടെയും പിന്തുണ ഒരു കാലത്തും ഇടതുപക്ഷത്തിന് ആവശ്യമില്ല എന്നാണ് സ്വരാജ് പറഞ്ഞത്.
ആര്യാടൻ ഷൗക്കത്തിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നുവെന്നും, കുറഞ്ഞ കാലമാണെങ്കിലും നല്ല രീതിയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്നും പറഞ്ഞ അദ്ദേഹം, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിക്കാൻ ശ്രമിച്ചതെന്നും ചൂണ്ടിക്കാട്ടി.