
ഭുവനേശ്വർ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുങ്ങിയ ബെർഹാംപൂർ സർവകലാശാല വൈസ് ചാൻസലർ ഗീതാഞ്ജലി ഡാഷിൽ നിന്നും 14 ലക്ഷംരൂപ തട്ടിയെടുത്തു. ഇഡി ഉദ്യോഗസ്ഥനാണെന്ന വ്യാജേന ആൾമാറാട്ടം നടത്തി വീഡിയോ കോൾ വിളിച്ച തട്ടിപ്പുകാരനാണ് പണം കൈക്കലാക്കിയത്. അവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചതായും ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നും അയാൾ ആരോപിച്ചു.
ഫെബ്രുവരി 12 നാണ് ഇഡി ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട ഒരാളിൽ നിന്നും ഗീതാഞ്ജലി ഡാഷിന് ഫോൺ കോൾ ലഭിച്ചത്.
ഗീതാഞ്ജലിയെ ഡിജിറ്റലായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും 14 ലക്ഷം രൂപ നൽകിയാൽ വിട്ടയക്കാമെന്നും പറഞ്ഞു. തുടർന്ന് തട്ടിപ്പുകാരൻ പറഞ്ഞ അക്കൗണ്ടിലേക്ക് ഇവർ പണം നിക്ഷേപിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കേസിൽ ഉൾപ്പെട്ട തട്ടിപ്പുകാരെ ഉടൻ കണ്ടെത്തുമെന്നും എസ്പി പറഞ്ഞു.