
മുംബൈ: മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവറും മദ്യപാനിയും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ അപകടത്തിൽ ബസ് ഇടിച്ച് ഒൻപത് കാൽനട യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
മദ്യപാനി ബസിന്റെ സ്റ്റിയറിംഗിൽ പിടിച്ച് തിരിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. മൂംബൈയിലെ ലാൽബാഗ് മേഖലയിലാണ് സംഭവം നടന്നത്.
മദ്യപാനിയുടെ പ്രവൃത്തിയെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും തുടർന്ന് ബസ് സമീപമുണ്ടായിരുന്ന കാറുകളെയും ഇരുചക്രവാഹനങ്ങളെയും കാൽനട യാത്രക്കാരെയും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. മദ്യപിച്ചെത്തിയ യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.