
വിദേശകാര്യമന്ത്രി എസ് ജയശങ്കറിനുനേരെ നടന്ന ഖലിസ്ഥാന്‍വാദികളുടെ ആക്രമണശ്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് ബ്രിട്ടന്‍.
അക്രമികള്‍ ജയശങ്കറിന്റെ കാറിനു നേരെ പാഞ്ഞെത്തുകയും ഇന്ത്യന്‍ ദേശീയ പതാകയെ അവഹേളിക്കുകയും ചെയ്ത സംഭവത്തില്‍ ആണ് പ്രതികരണം. ബ്രിട്ടന്‍ നയതന്ത്ര ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു.
ലണ്ടനിലെ ചതം ഹൗസില്‍ നടന്ന സംവാദ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് വിദേശകാരി മന്ത്രി ഡോക്ടര്‍ എസ് ജയശങ്കറിന് നേരെ ആക്രമണശ്രമം നടന്നത്. വേദിക്ക് അടുത്തായി ഒത്തുകൂടി ഖലിസ്ഥാന്‍ അനുകൂലികള്‍ മുദ്രാവക്യങ്ങള്‍ മുഴക്കുകയായിരുന്നു. പരിപാടി കഴിഞ്ഞ് കാറില്‍ കയറാനെത്തിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് ഖലിസ്ഥാന്‍ അനുകൂലി പാഞ്ഞടുത്തു. സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ കയ്യില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ദേശീയ പതാകകീറി എറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ലണ്ടന്‍ പൊലീസ് നോക്കിനില്‍ക്കെയാണ് ഖലിസ്ഥാന്‍ പതാകയേന്തി മുദ്രാവാക്യം വിളിച്ചും, ഇന്ത്യന്‍ പതാകയെ അവഹേളിച്ചും പ്രതിഷേധിച്ചത്.