

ഇൻഡോർ: കുടിവെള്ളത്തിൽ മലിനജലം കലർന്ന് 14 പേർ മരിച്ച സംഭവത്തിൽ ഇൻഡോർ മുനിസിപ്പൽ കമ്മീഷണർ ദിലീപ് കുമാർ യാദവിനെ സ്ഥാനത്തുനിന്ന് നീക്കി. വീഴ്ച വരുത്തിയ മറ്റ് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനും മുഖ്യമന്ത്രി മോഹൻ യാദവ് ഉത്തരവിട്ടു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഇൻഡോറിന് വലിയ നാണക്കേടുണ്ടാക്കിയ ദുരന്തത്തിലാണ് സർക്കാരിന്റെ അടിയന്തര നടപടി.
നഗരത്തിലെ ഭഗീരഥ്‌പുര മേഖലയിലാണ് ദുരന്തമുണ്ടായത്. കുടിവെള്ള പൈപ്പ് ലൈനിലെ ചോർച്ച വഴി അഴുക്കുചാലിലെ വെള്ളം കലർന്നതാണ് മരണകാരണം. നിലവിൽ ഇരുന്നൂറിലധികം പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 32 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ ഇവരെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതതല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു. പ്രദേശത്ത് അടിയന്തര മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു. പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ നഗരസഭയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.