ജന്മദിനങ്ങൾ ആഘോഷിക്കുന്നവരാണ് നമ്മളിൽ പലരും. ചിലർ ചെറിയ തോതിൽ ആഘോഷിക്കുമ്പോൾ മറ്റ് ചിലർ വലിയ തോതിൽ തങ്ങളുടെ ജന്മദിനം ആഘോഷിക്കുന്നു. എല്ലാം സ്വന്തം കൈയിലെ പണത്തിനനുസരിച്ചാകും. എന്നാൽ, ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവരാണ് നമ്മുക്കിടയിലെ ഭൂരിപക്ഷം പേരും. അവർ ചിലപ്പോൾ സ്വന്തം ജന്മദിനങ്ങൾ ഒരിക്കൽ പോലും ആഘോഷിച്ചിട്ടില്ലാത്തവരാകും. ഓരോ ദിവസത്തെയും ഓട്ടത്തിനിടെയിൽ സ്വന്തം ജന്മദിനങ്ങൾ മറന്ന് പോകുന്നവർ... അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യൻ ആർമിയിൽ അതിർത്തി കാവലിൽ ജോലി ചെയ്യുന്ന സൈനികനെ മകൾ വിളിച്ച് 'അച്ഛന്‍റെ ജന്മദിനമാണ് ഇന്ന്' എന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു ആ വീഡിയോ. അതിന് പിന്നാലെ മറ്റൊരു ജന്മദിന വീഡിയോ കൂടി സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇത്തവണ സൊമാറ്റോ ഡെലിവറിക്കെത്തിയ ഡെലിവറി ഏജന്‍റിന്‍റെ വീഡിയോയായിരുന്നു. (Birthday)
വീടിനുള്ളിൽ ഒരു കസേരയിൽ ഇരിക്കുന്ന സൊമാറ്റോ ഡെലിവറി ഏജന്‍റായ യുവാവിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അവർ അവനോട് ഒന്ന് റിലാക്സ് ആകാൻ പറയുന്നു. ഒരു ഉപഭോക്താവിന്റെ വീട്ടിൽ കേക്ക് എത്തിക്കാൻ എത്തിയതായിരുന്നു അവൻ. തന്നെ കാത്തിരിക്കുന്നതെന്താണെന്ന് അവന് വ്യക്തമല്ല. താൻ കൊണ്ട് വന്ന ആ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കാൻ വീട്ടുകാർ ആവശ്യപ്പെടുമ്പോൾ അവൻ അത്ഭുതപ്പെടുന്നു. അവന്‍റെ ശബ്ദം ഇടറി. വാക്കുകൾ പുറത്ത് വന്നില്ല. കണ്ണുകൾ നിറഞ്ഞു. ജീവിതത്തിന്‍റെ കഷ്ടപ്പാടുകൾക്കിടയിൽ, ഒരിക്കലും തീരാത്ത ഓട്ടത്തിനിടെയിൽ ഉള്ളുനിറച്ചൊരു അനുഭവം ഒരുപക്ഷേ, ആ ഡെലിവറി ഏജന്‍റിന്‍റെ ജീവിതത്തിൽ ആദ്യത്തെതാകും. വീഡിയോ കണ്ട കഴ്ചക്കാരുടെയും ഉള്ള് നിറഞ്ഞത് കമന്‍റ് ബോക്സിൽ വ്യക്തം.
പലരും വറ്റാത്ത മനുഷ്യത്വത്തെ കുറിച്ച് ഓർമ്മപ്പെടുത്തി. മറ്റ് ചിലർ സൊമാറ്റോ ഡെലിവറി ഏജന്‍റിന്‍റെ ജന്മദിനം ആഘോഷിക്കുന്ന വീട്ടുകാരെ അഭിനന്ദിക്കണമെന്ന് അഭിപ്രായപ്പെട്ടു. മനുഷ്യനെ മനസിലാക്കുന്നവർ ഈ ലോകത്ത് കുറവാണെന്നും ആ കുടുംബത്തിന് ഹൃദയം കൊണ്ട് നന്ദി പറയുന്നെന്നുമായിരുന്നു മറ്റൊരു കുറിപ്പ്. ലോകം പുതിയ പ്രതീക്ഷകളിലേക്ക് ചുവടുവയ്ക്കുന്നെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. അതേസമയം, വീഡിയോയ്ക്ക് താഴെ ചിലർ നെഗറ്റീവ് കുറിപ്പുകളുമായെത്തി. അവർക്ക് മറുപടിയെന്നോണ്ണം വീഡിയോ പങ്കുവച്ചയാൾ, ഡെലിവറി ബുക്ക് ചെയ്യാൻ തുടങ്ങിയപ്പോളാണ് അന്ന് ഏജന്‍റിന്‍റെ ജന്മദിനമാണെന്ന് യാദൃശ്ചികമായി അറിഞ്ഞതെന്നും മറ്റ് സാധനങ്ങളുടെ കൂട്ടിൽ അവനും ഒരു ജന്മദിന കേക്ക് ഓർഡർ ചെയ്തതാണെന്നും കുറിച്ചു.