ബെംഗളൂരു: ചിക്കമഗളൂരുവിൽ പ്രണയാഭ്യർഥന നിരസിച്ചതിൻ്റെ പേരിൽ സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭവിതി(26) നെയാണ് ജയാപുര പോലീസ് പിടികൂടിയത്.(Youth arrested for stripping teacher, tying her to a tree and beating her)
കൊപ്പ ബസാരിക്കട്ടെ ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ 25 വയസ്സുകാരിയായ അധ്യാപികയാണ് ആക്രമിക്കപ്പെട്ടത്. സ്കൂളിൽ നിന്ന് തിരികെ വീട്ടിലേക്ക് നടന്നു വരികയായിരുന്ന അധ്യാപികയെ, വഴിയിൽ ഒളിച്ചിരുന്ന ഭവിത് ആക്രമിക്കുകയായിരുന്നു.
ഭവിത് നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തതിനെ തുടർന്ന് അധ്യാപിക നമ്പർ ബ്ലോക്ക് ചെയ്യുകയും കാണാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ക്രൂരമായ ആക്രമണത്തിന് പിന്നിൽ.
മണിക്കൂറുകൾക്ക് ശേഷമാണ് വിജനമായ പ്രദേശത്ത് നാട്ടുകാർ അധ്യാപികയെ അവശനിലയിൽ കണ്ടെത്തിയത്. പരുക്കേറ്റ അധ്യാപികയെ ശിവമൊഗ്ഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.