യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ; കൊന്നത് ഭാര്യയും കാമുകനും ചേർന്ന്; അവിഹിത ബന്ധം കണ്ടെത്തിയതിന്റെ വൈരാഗ്യമെന്ന് പോലീസ്
സഹർസ: ഒരു സ്ത്രീയും കാമുകനും ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞു. ബീഹാറിലെ സഹർസ ജില്ലയിൽ ആണ് സംഭവം. ഇക്കഴിഞ്ഞ ജൂലൈ 14 ന് സദർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ കഥ പുറത്ത് വന്നതും, പ്രതികൾ അറസ്റ്റിലായതും.
സൗർബസാർ പോലീസ് സ്റ്റേഷൻ ഏരിയയിൽ താമസിക്കുന്ന ജംഗ്ലി മുഖിയ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രാഥമിക അന്വേഷണത്തിൽ ഇതൊരു സാധാരണ മരണം പോലെയായിരുന്നുവെന്ന് തോന്നിയെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും, കുടുംബാംഗങ്ങൾക്ക് ഇടയിൽ നടത്തിയ അന്വേഷണത്തിലും ഞെട്ടിക്കുന്ന വസ്തുതകൾ ആണ് പുറത്ത് വന്നത്.
മരിച്ചയാളുടെ ഭാര്യക്ക് കുന്ദൻ കുമാർ എന്ന യുവാവുമായി പ്രണയബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഭാര്യാഭർത്താക്കന്മാർക്കിടയിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നു. തുടർന്ന് ഭാര്യയും കാമുകനും ചേർന്ന് ജംഗ്ലി മുഖിയയെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയതായി പോലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ, ജംഗ്ലി മുഖിയയെ ആസൂത്രിതമായി കൊലപ്പെടുത്തി മൃതദേഹം റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായി പ്രതി കുന്ദൻ കുമാർ സമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.