സിംഹത്തിന്‍റെ മുന്നില്‍ കുടുങ്ങി യുവാവ്; ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക്

 സിംഹത്തിന്‍റെ മുന്നില്‍ കുടുങ്ങി യുവാവ്; ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക് 

 ഹൈദരാബാദ്: സിംഹത്തിന്‍റെ മുന്നില്‍ പെട്ടുപോയ ശേഷം ജീവന്‍ തിരിച്ചു കിട്ടിയ യുവാവാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഹൈദരാബാദ് നെഹ്രു സുവോളജിക്കല്‍ പാര്‍ക്കിലെ ആഫ്രിക്കന്‍ സിംഹങ്ങള്‍ വസിക്കുന്ന സ്ഥലത്ത് കുടുങ്ങിയ യുവാവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് ഭാഗ്യം കൊണ്ട് മാത്രം തലനാരിഴക്ക് യുവാവിന് ജീവൻ തിരിച്ചു കിട്ടിയ സംഭവം നടന്നത്.   പ്രദേശത്ത് അലഞ്ഞുതിരിഞ്ഞുനടന്ന ജി.സായ്കുമാര്‍ എന്ന യുവാവ് സിംഹത്തിന്‍റെ മുന്നില്‍ പെടുകയായിരുന്നു. തുടർന്ന് മൃഗശാല അധികൃതർ ഇയാളെ പൊലീസിന് കൈമാറുകയും ഇയാൾക്കെതിരെ പരാതി നൽകുകയും ചെയ്തു. സിംഹത്തിന്‍റെ മുന്നില്‍ പെട്ട യുവാവിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഒരു പാറക്കൂട്ടത്തിനു മുകളില്‍ സായ് കുമാര്‍ ഇരിക്കുന്നതും തൊട്ടുതാഴെ സിംഹം അയാളെ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ആളുകൾ യുവാവിനോട് ആക്രോശിക്കുന്നതും സൂക്ഷിക്കാൻ പറയുന്നതും സഹായത്തിനായി വിളിക്കുന്നതും കേൾക്കാം. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സിംഹങ്ങളുടെ പ്രദേശത്ത് സായികുമാർ ചാടിയെന്നും പാറക്കെട്ടുകൾക്ക് മുകളിലൂടെ നടക്കുകയായിരുന്നുവെന്നും നെഹ്രു സുവോളജിക്കൽ പാർക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സിംഹങ്ങള്‍ കഴിയുന്ന പ്രദേശത്ത് ഒരു ചുറ്റുമതിലുണ്ട്. നിരോധിത മേഖലയാണ് ഇത്. യുവാവിനെ മൃഗശാല ജീവനക്കാർ രക്ഷപ്പെടുത്തി പിടികൂടി ബഹദൂർപുര പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്'' എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.


 

Share this story