
പട്ന : ബിഹാറിലെ ലഖിസറായിയിൽ ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കവായ പോലീസ് സ്റ്റേഷൻ പരിധിയിലെ നയാ ബസാർ പച്ച്ന റോഡ് സൻസാർ പൊഖാർ പ്രദേശത്താണ് സംഭവം .
പതിനേഴാം വാർഡിലെ താമസക്കാരനായ രാജ്കുമാർ റാമിന്റെ മകൻ ജിതേന്ദ്ര കുമാർ (26) ആണ് ഭാര്യ മാനസികമായി പീഡിപ്പിച്ചതായി പരാതി നൽകിയിരിക്കുന്നത്. ജിതേന്ദ്ര കുമാർ ട്രാക്ടർ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. സ്വന്തം കുടുംബാംഗങ്ങളുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്. ഇക്കാരണത്താൽ ഭാര്യ എപ്പോഴും ദേഷ്യപ്പെടുകയും കുടുംബത്തിൽ നിന്ന് വേർപിരിയാൻ യുവാവിനെ പീഡിപ്പിക്കുകയും ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു.
സമ്മതിച്ചില്ലെങ്കിൽ ഭാര്യ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും, ഗാർഹിക പീഡനത്തിന് പോലീസിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞു മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും യുവാവ് പറയുന്നു. ഇതിൽ അസ്വസ്ഥനായ ജിതേന്ദ്ര വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്നും, ഉടൻ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.