മാൾഡ: പുതിയ തലമുറ ബിജെപിയുടെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമർപ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്ജ്വല വിജയം ഇതിന് അടിവരയിടുന്നു. യുവാക്കൾ ഇന്ന് രാഷ്ട്രീയ സ്ഥിരതയ്ക്കും വികസനത്തിനുമാണ് വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.(Young generation is with development, PM Modi mentions Mumbai and Thiruvananthapuram)
ചരിത്രത്തിലാദ്യമായി മുംബൈ കോർപ്പറേഷനിൽ ബിജെപി നേടിയ വിജയം രാജ്യത്തെ രാഷ്ട്രീയ മാറ്റത്തിന്റെ വലിയ സൂചനയാണ്. യുവാക്കളുടെ വികസന കാംക്ഷയാണ് അവിടെ പ്രതിഫലിച്ചത്. പ്രസംഗത്തിനിടെ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ മുന്നേറ്റം ലഭിച്ച തിരുവനന്തപുരം കോർപ്പറേഷനിലെ ഫലങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു.
ഇത് ബിജെപിയുടെ സ്വാധീനം തെക്കൻ സംസ്ഥാനങ്ങളിലും വർധിക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബംഗാളിലെ തൃണമൂൽ സർക്കാർ കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾ തടയുകയാണ്. അഴിമതിയും ഗുണ്ടായിസവും വികസന മുരടിപ്പുമാണ് ബംഗാളിലെ ഇന്നത്തെ അവസ്ഥയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മാൾഡയിലെ റാലിക്ക് മുന്നോടിയായി രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ (ഹൗറ - ഗുവാഹത്തി) അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. 3,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ അദ്ദേഹം ബംഗാളിന് സമർപ്പിച്ചു. 2047-ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാൻ കിഴക്കൻ ഇന്ത്യയുടെ വികസനം അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.