ന്യൂഡൽഹി: കമൽഹാസന്‍റെ തമിഴ് ചിത്രമായ 'തഗ് ലൈഫ്" ന്റെ റിലീസ് നിരോധിച്ചതിൽ കർണാടക സർക്കാറിന് സുപ്രീം കോടതിയുടെ വിമർശനം. നടന്‍റെ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ റിലീസ് നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകൾക്ക് കോടതി നോട്ടീസ് അയച്ചു. ആൾക്കൂട്ട ഭീഷണികൾക്ക് നിയമവാഴ്ചയെ ബന്ദിയാക്കാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു.
"തിയറ്ററുകളിൽ എന്ത് പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കാൻ ഗുണ്ടകളുടെ കൂട്ടങ്ങളെ അനുവദിക്കാൻ കഴിയില്ല. ആരെങ്കിലും ഒരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ, നിങ്ങൾ മറ്റൊരു പ്രസ്താവനയിലൂടെ അതിനെ പ്രതിരോധിക്കണം. തിയറ്ററുകൾ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്താൻ നിങ്ങൾക്ക് കഴിയില്ല." ' -ബെഞ്ച് അഭിപ്രായപ്പെട്ടു.
"കമൽഹാസന്റെ പ്രസ്താവന തെറ്റാണെന്ന് കർണാടകയിലെയും ബംഗളൂരുവിലെയും പ്രബുദ്ധരായ ജനങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, അവർക്ക് അങ്ങനെ ഒരു പ്രസ്താവന ഇറക്കാം. എന്തിനാണ് സിനിമാശാലകൾ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്?" -കോടതി ചോദിച്ചു
ചിത്രത്തിന്റെ നിർമാതാവ് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കർണാടക സർക്കാറിനോട് മറുപടി സമർപ്പിക്കാൻ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ നടൻ ക്ഷമാപണം നടത്തണമെന്ന നിർദേശങ്ങളിൽ ഹൈക്കോടതിയുടെ പങ്കിനെ സുപ്രീം കോടതി ചോദ്യം ചെയ്തു. ഒരു സിനിമക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) അനുമതി നൽകി കഴിഞ്ഞാൽ, അത് റിലീസ് ചെയ്യാൻ അനുവദിക്കണമെന്ന് കോടതി പറഞ്ഞു. ആളുകൾക്ക് സിനിമ കാണാതിരിക്കാം എന്ന് തീരുമാനിക്കാം. എന്നാൽ റിലീസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനോ ഭീഷണിപ്പെടുത്താനോ അനുവദിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.