
വേനലവധി ആരംഭിക്കുമ്പോള്‍, യാത്രകള്‍ മനുഷ്യമനസുകളെ കീഴടക്കുന്നു. മഹാമാരിക്ക് മുമ്പുള്ള ഉയര്‍ന്ന നിലയിലേയ്ക്ക് 2024-25 വര്‍ഷത്തില്‍ വിനോദസഞ്ചാരം തിരിച്ചെത്തി. 2024-ന്റെ ആദ്യ പകുതിയില്‍ മാത്രം 1.5 കോടി ഇന്ത്യക്കാര്‍ വിദേശയാത്ര നടത്തിയതായാണ് കണക്ക്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14% കൂടുതലാണ്. 2024-ല്‍ 2.83 ലക്ഷം കോടി രൂപയിലധികമാണ് വിനോദയാത്രക്കായി ചെലവഴിച്ചത്. എന്നാല്‍ സ്വപ്‌നതുല്യമായ അവധിക്കാല യാത്രകള്‍ക്ക് ചെലവ് വര്‍ധിക്കുകയാണ്. സോളോ മൗണ്ടെന്‍ യാത്രകള്‍ക്ക് 1 ലക്ഷം രൂപ വരെ ചെലവുവരും. ദമ്പതികളുടെ 12 ദിവസത്തെ യൂറോപ്യന്‍ ടൂറുകള്‍ക്ക് 6-7 ലക്ഷം രൂപ മുതലാണ് (വിമാന ടിക്കറ്റുകള്‍ ഉള്‍പ്പെടെ)നിരക്ക്. പണം എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രധാനം. മികച്ച ആസൂത്രണം, ബഡ്ജറ്റിംഗ്, സാമ്പത്തിക കാര്യങ്ങളെ യാത്രാ മോഹങ്ങളുമായി ക്രമീകരിക്കുക എന്നിവയാണ് വഴി. ബാധ്യതയാകാതെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാക്കാതെ ശരിയായ നീക്കത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുകയെന്നതാണ് പോംവഴി.
ഉറവിടം: ബുക്കിങ് ഡോട്ട് കോം ഇന്ത്യാ ട്രാവല്‍ പ്രഡിക്ഷന്‍സ് റിപ്പോര്‍ട്ട് 2024; ടൈംസ് ഓഫ് ഇന്ത്യ; തോമസ് കുക്ക്‌സ്.
പലതുള്ളി പെരുവള്ളം എന്ന പഴമൊഴി ഇവിടെ പ്രസക്തമാണ്. അവധിക്കാല യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള ആദ്യപടി, മികച്ച മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍ വഴി നിക്ഷേപം നടത്തുകയെന്നതാണ്.
മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിങ്ങളുടെ യാത്രാ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന 3 വഴികള്‍
1. ട്രാവല്‍ എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍) ആരംഭിക്കുക
വിനോദയാത്രകള്‍ക്കായി പണം സമാഹരിക്കാനുള്ള മികച്ച മാര്‍ഗ്ഗമാണ് പ്രത്യേക എസ്‌ഐപി. ഹ്രസ്വ ആഭ്യന്തര യാത്രയോ ദീര്‍ഘ അന്താരാഷ്ട്ര യാത്രയോ ആസൂത്രണം ചെയ്യുകയാണെങ്കിലും ചെറിയ തുക വീതം കൃത്യമായി നിക്ഷേപിക്കാന്‍ എസ്‌ഐപി നിങ്ങളെ സഹായിക്കുന്നു. കാലക്രമേണ വളരുന്ന നിക്ഷേപം ആവശ്യമുള്ളപ്പോള്‍ യാത്ര ചെലവ് ഉറപ്പാക്കുന്നു. ഉദാഹരണത്തിന്, മൂന്നു വര്‍ഷത്തിനുള്ളില്‍ പങ്കാളിയോടൊപ്പം പാരീസ് സന്ദര്‍ശിക്കാന്‍ പദ്ധതിയിടുകയാണെന്നുകരുതുക. 5-6 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പ്രതിവര്‍ഷം 13% യാണ് റിട്ടേണ്‍ പ്രതീക്ഷ. അങ്ങനയെങ്കില്‍ പ്രതിമാസം 12,000 രൂപയുടെ എസ്‌ഐപിയാണ് തുടങ്ങേണ്ടിവരിക.1.5 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ച് പ്രതിമാസ എസ്‌ഐപി തുക 7,500 രൂപയായി കുറച്ചും തുക സമാഹരിക്കാനാകും.
2. ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കായി ലിക്വിഡ് ഫണ്ടുകള്‍
യാത്രാ പദ്ധതി ഒരു വര്‍ഷത്തിനുള്ളിലാണെങ്കില്‍ ലിക്വിഡ് ഫണ്ടുകള്‍ പരിഗണിക്കുക. ഉയര്‍ന്ന ലിക്വിഡിറ്റിയും കുറഞ്ഞ റിസ്‌കും ഉള്ളവയായതിനാല്‍ സേവിംഗ്‌സ് അക്കൗണ്ടിനേക്കാള്‍ മികച്ച ആദായം നല്‍കിയേക്കാം. ഉദാഹരണത്തിന്, ഒരു ലക്ഷം രൂപ ചെലവ് വരുന്ന മണ്‍സൂണ്‍ യാത്രയ്ക്കായി പണം സമാഹരിക്കാന്‍ ലിക്വിഡ് ഫണ്ടിലോ ആര്‍ബിട്രേജ് ഫണ്ടിലോ നിക്ഷേപിക്കുന്നത് ലക്ഷ്യം നേടാന്‍ സഹായിക്കും. പണം എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യും. പ്രതിവര്‍ഷം 1.75% വരെ മാത്രം വരുമാനം നേടാന്‍ കഴിയുന്ന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് വ്യത്യസ്തമായി, ലിക്വിഡ് ഫണ്ടുകളില്‍ കോമ്പൗണ്ട് ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ വരുമാനം പ്രതിവര്‍ഷം ഏകദേശം 6% ആയി മൂന്നിരട്ടിയിലധികം വര്‍ദ്ധിപ്പിക്കാം. കുറച്ചുകൂടി മികച്ച രീതിയില്‍ ആര്‍ബിട്രേജ് ഫണ്ടില്‍ ഇടുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 7.5% വരെ വരുമാനം നേടാനുമാകും.
3. ദീര്‍ഘകാല യാത്രാ പദ്ധതികള്‍ക്കായി ഇക്വിറ്റി ഫണ്ടുകള്‍.
5-10 വര്‍ഷത്തിനുള്ളില്‍ ലോക പര്യടനമോ ആഢംബര ക്രൂയിസോ ആസൂത്രണം ചെയ്യുന്നുണ്ടോ? ഉയര്‍ന്ന വരുമാനം നേടാനുള്ള സാധ്യതയുള്ള ഇക്വിറ്റി ഫണ്ടുകള്‍ ദീര്‍ഘകാല യാത്രാ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമാണ്. കോമ്പൗണ്ടിംഗിന്റെ നേട്ടത്തോടെ ഈ ഫണ്ടുകള്‍ നിക്ഷേപം കെട്ടിപ്പടുക്കാന്‍ സഹായിക്കും. ഉദാഹരണത്തിന്, ഇക്വിറ്റി ഫണ്ടില്‍ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുന്നതിലൂടെ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 20 ലക്ഷം രൂപ നേടാന്‍ സഹായിക്കും(പ്രതീക്ഷിക്കുന്ന ആദായം 12 %). അവധിക്കാല യാത്രയ്ക്കിത് ധാരാളമാണ്.
സീസണല്‍ യാത്രക്കാര്‍ക്കുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍
ശൈത്യകാല യാത്രകള്‍ക്ക്: അടുത്ത ഡിസംബറിലെ യാത്രക്കായി എസ്‌ഐപി ജനുവരിയില്‍ ആരംഭിക്കുക. ഒരു ബാലന്‍സ്ഡ് അല്ലെങ്കില്‍ ഹൈബ്രിഡ് ഫണ്ടിലെ 12 മാസത്തെ എസ്‌ഐപി നിങ്ങളുടെ അവധിക്കാല ചെലവുകള്‍ ഉറപ്പാക്കിയേക്കാം. കാരണം, ഒരു ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് പോലുള്ള ഹൈബ്രിഡ് ഫണ്ടുകള്‍ സാധാരണയായി ഒരു ആര്‍ബിട്രേജ് ഫണ്ടിനേക്കാള്‍ കൂടുതല്‍ ആദായം നല്‍കും.
വേനലവധിക്ക്: തിരക്കേറിയ സീസണിലെ ചെലവുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ മള്‍ട്ടി അസറ്റ് ഫണ്ടുകള്‍ പോലുള്ള ഹൈബ്രിഡ് ഫണ്ടുകള്‍ ഉപയോഗിച്ച് 18 മാസം മുന്‍കൂട്ടി നിക്ഷേപം ആരംഭിക്കുക. 3-5 വര്‍ഷത്തേക്ക് നിക്ഷേപം നടത്താന്‍ കഴിയുമെങ്കില്‍, മികച്ച ആദായം ലഭിക്കാന്‍ ഇക്വിറ്റി ഫണ്ടും പരിഗണിക്കാം. ലാര്‍ജ് ക്യാപ് ഫണ്ടുകളാകും അനുയോജ്യം.
വിദഗ്‌ദ്ധോപദേശം തേടുക
യാത്രാ ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് നിക്ഷേപ തന്ത്രങ്ങള്‍ ക്രമീകരിക്കുന്നതിന് ആംഫിയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍ അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍ എന്നിവരുടെ ഉപദേശം തേടുക. ചിട്ടയായ ആസൂത്രണം, അച്ചടക്കമുള്ള നിക്ഷേപം, ശരിയായ ഉപദേശം എന്നിവയിലൂടെ സാമ്പത്തിക സ്ഥിരതയില്‍ വിട്ടുവീഴ്ച ചെയ്യാതെ സ്വപ്ന അവധിക്കാല യാത്ര യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞേക്കും.
അതിനാല്‍, ഇന്നുതന്നെ ഇതിനായി എസ്‌ഐപി ആരംഭിക്കുക, നിങ്ങളുടെ നിക്ഷേപം നിങ്ങളെ എപ്പോഴും സ്വപ്നം കണ്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോകട്ടെ. സന്തോഷകരമായ യാത്ര ആശംസിക്കുന്നു.