
കോഴിക്കോട്: മുസ്‌ലിം ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതരാണെന്നുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം സംഘപരിവാറിന്റെ പ്രചാരണം മാത്രമാണെന്ന് ഐ.എൻ.എൽ. ഹിന്ദുക്കളും അവരുടെ പാരമ്പര്യവും സുരക്ഷിതമായിരിക്കുന്നിടത്തോളം കാലം മുസ്‌ലിംകളും സുരക്ഷിതമായിരിക്കുമെന്ന യോഗിയുടെ സിദ്ധാന്തം, ഇവിടെ മുസ്‌ലിംകളിൽ നിന്ന് ഹിന്ദുക്കൾ ഭീഷണി നേരിടുകയാണെന്ന ആർ.എസ്.എസ് 'ശാഖ' യിൽ പഠിപ്പിക്കുന്ന പച്ചക്കള്ളം, പരസ്യമായി ആവർത്തിക്കലാണ്. യോഗിയുടെ യു.പിയിൽ മുസ്‌ലിംകൾ അങ്ങേയറ്റത്തെ ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണെന്ന യാഥാർഥ്യം അംഗീകരിക്കാൻ അദ്ദേഹം തയാറല്ല എന്ന് മാത്രമല്ല, സത്യം ചൂണ്ടിക്കാട്ടുമ്പോൾ വർഗീയ വിഷംചീറ്റി ഭയപ്പെടുത്താൻ മുതിരുകയുമാണ്.
വഖഫ് ഭേദഗതി ബില്ലിലൂടെ ബി.ജെ.പി സർക്കാർ മുസ്‌ലിം പള്ളികളും സ്വത്തുക്കളും പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന ആരോപണത്തെ അദ്ദേഹം നേരിടുന്നത് കടുത്ത ഭീഷണിയിലൂടെയാണ്. 100 ഹിന്ദു കുടുംബത്തിന് നടുവിൽ ജീവിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതമാണെന്നും എന്നാൽ 100 മുസ്‌ലിം കുടുംബങ്ങളോടൊപ്പം ജീവിക്കുന്ന 50 ഹിന്ദു കുടുംബങ്ങൾ സുരക്ഷിതരല്ലെന്നുമുള്ള യോഗിയുടെ വിഷലിപ്തമായ കണ്ടുപിടിത്തം ഒരു ഭരണാധികാരിയുടെ വർഗീയ മനസ്സിനെയാണ് തുറന്നുകാട്ടുന്നത്. രാജ്യത്ത് എവിടെയെങ്കിലും മുസ്‌ലിംകളിൽ നിന്ന് ഹിന്ദു സഹോദരങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെങ്കിൽ യോഗി ആദിത്യനാഥ് അത് ചൂണ്ടിക്കാണിക്കട്ടെയെന്ന് ഐ.എൻ.എൽ സംസ്ഥാന ജനൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.