ലഖ്‌നൗ: രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ വേതനവും സുരക്ഷയും സംബന്ധിച്ച് സുപ്രധാന ഉത്തരവുമായി ഉത്തർപ്രദേശ് സർക്കാർ. സ്ത്രീകളുടെ രേഖാമൂലമുള്ള സമ്മതമുണ്ടെങ്കിൽ രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാം എന്നാണ് യോഗി ആദിത്യനാഥ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.(Yogi government issues important order on night shifts for women employees in UP)
ഈ സമയത്തെ രാത്രി ഷിഫ്റ്റ് ജോലികൾക്ക് തൊഴിലുടമകൾ നിരവധി കാര്യങ്ങൾ നിർബന്ധമായും ഉറപ്പാക്കണം. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ഇരട്ടി വേതനം നൽകണം. സി.സി.ടി.വി. നിരീക്ഷണം, യാത്രാ സൗകര്യം, മതിയായ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം എന്നിവ നിർബന്ധമാണ്.
വ്യവസായ മേഖലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമാണ്. തൊഴിലിടങ്ങളിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് ഈ ഉത്തരവെന്ന് യു.പി. സർക്കാർ അറിയിച്ചു. വനിതാ ജീവനക്കാർക്ക് ആഴ്ചയിൽ ആറ് ദിവസം വരെ ജോലി ചെയ്യാം. ഓവർടൈം പരിധി 75 മണിക്കൂറിൽ നിന്ന് 144 മണിക്കൂറായി വർദ്ധിപ്പിച്ചു. ഇതിനും ഇരട്ടി വേതനം നൽകണം. സ്ത്രീകൾക്ക് ഇടവേളയില്ലാതെ തുടർച്ചയായി ആറ് മണിക്കൂർ വരെ ജോലി ചെയ്യാം.
നേരത്തെ, സ്ത്രീകൾക്ക് 12 വിഭാഗങ്ങളിൽ മാത്രമേ ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ ഉത്തരവോടെ അത് 29 അപകടകരമായ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒക്ടോബർ ആദ്യവാരം രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തർപ്രദേശ് ഫാക്ടറീസ് ഭേദഗതി നിയമത്തിന് അംഗീകാരം നൽകിയ ശേഷമാണ് യു.പി. സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഈ നീക്കം വ്യാവസായിക, കോർപ്പറേറ്റ് മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഇത് ലിംഗസമത്വത്തിനും സ്ത്രീ സുരക്ഷയ്ക്കും വേണ്ടിയുള്ള ശക്തമായ നടപടിയാണെന്ന് തൊഴിൽ വകുപ്പ് പ്രതികരിച്ചു.
യു.പിയിലെ തൊഴിലാളികളിൽ ഏകദേശം 36 ശതമാനവും സ്ത്രീകളാണ്. എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് ഈ നടപടിയെന്ന് സർക്കാർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ഡൽഹി സർക്കാരും സമാനമായ ഉത്തരവ് പുറത്തിറക്കിയിരുന്നു.