ബെംഗളൂരു: യെലഹങ്കയിലെ ഫക്കീർ കോളനിയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വീട് നൽകാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത്. പുനരധിവാസത്തിന് പിന്നിൽ കേരളത്തിന്റെ ഗൂഢാലോചനയാണെന്നും കുടിയേറ്റക്കാരുടെ പശ്ചാത്തലം എൻഐഎ (NIA) പരിശോധിക്കണമെന്നും കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക് ആവശ്യപ്പെട്ടു.(Yelahanka rehabilitation, Karnataka BJP calls it a conspiracy from Kerala)
പിണറായി വിജയന് അധികാരത്തിൽ തുടരാനും കെ.സി. വേണുഗോപാലിന് കേരള മുഖ്യമന്ത്രിയാകാനുമാണ് ഈ ഇടപെടൽ നടത്തിയത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാകട്ടെ തന്റെ കസേര ഉറപ്പിക്കാനാണ് ഇതിന് കൂട്ടുനിൽക്കുന്നതെന്നും ബിജെപി ആരോപിച്ചു.
യെലഹങ്കയിൽ താമസിച്ചിരുന്നവരിൽ ബംഗ്ലാദേശിൽ നിന്നുള്ളവരും ഉണ്ടെന്ന് ബിജെപി ആരോപിക്കുന്നു. അവിടെയുള്ള മലയാളികളുടെയും മറ്റുള്ളവരുടെയും പശ്ചാത്തലം എൻഐഎ പരിശോധിക്കണം. കർണാടകയിൽ ഭൂമി നൽകാൻ നിർദ്ദേശിക്കാൻ കേരള മുഖ്യമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്ന് ആർ. അശോക് ചോദിച്ചു. സിദ്ധരാമയ്യ കേരള മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടതിനെയും അദ്ദേഹം വിമർശിച്ചു.
ഡിസംബർ 20-നാണ് യെലഹങ്കയിലെ ഫക്കീർ കോളനിയിലുണ്ടായിരുന്ന 160-ഓളം വീടുകൾ ബിബിഎംപി (BBMP) പൊളിച്ചുനീക്കിയത്. ഇതോടെ അഞ്ഞൂറിലധികം പേർ വഴിയാധാരമായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ ഇടപെടുകയും കുടിയൊഴിപ്പിക്കപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.