പുണെ: ഇന്ത്യൻ യുവ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളിനെ കടുത്ത ഭക്ഷ്യവിഷബാധയെത്തുടർന്ന് പുണെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്കായി കളിക്കുന്ന താരത്തിന്, ചൊവ്വാഴ്ച രാജസ്ഥാനെതിരായ മത്സരത്തിന് പിന്നാലെയാണ് ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായത്.(Yashasvi Jaiswal suffers from food poisoning, Cricketer hospitalized)
പുണെയിലെ ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണമാണ് താരത്തിന് വിനയായതെന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിനിടെ തന്നെ ജയ്സ്വാളിന് വയറുവേദന അനുഭവപ്പെട്ടിരുന്നു. കളി കഴിഞ്ഞ് നില വഷളായതോടെ താരത്തെ ഉടൻ ആദിത്യ ബിർള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൾട്രാസൗണ്ട് സ്കാനിങ്ങിനും സിടി സ്കാനിങ്ങിനും വിധേയനാക്കിയ താരത്തിന് ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
കടുത്ത ശാരീരിക അസ്വസ്ഥതകൾ മൂലം കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ താരത്തിന് രണ്ട് കിലോയിലധികം ഭാരം കുറഞ്ഞു. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും 7 മുതൽ 10 ദിവസത്തേക്ക് പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
വിശ്രമം അത്യാവശ്യമായതിനാൽ ഡിസംബർ 24-ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ കുറച്ച് മത്സരങ്ങൾ ജയ്സ്വാളിന് നഷ്ടമായേക്കും. എങ്കിലും, ജനുവരിയിൽ നടക്കാനിരിക്കുന്ന ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്ക് മുൻപായി താരം പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ബി.സി.സി.ഐയും.