
പട്ന : ബീഹാറിലെ ബെട്ടിയ ജില്ലയിലെ മജൗലിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹർപൂർ ഗർവയിലെ സിക്രഹ്ന നദിയുടെ തീരത്ത് ചൊവ്വാഴ്ച ഒരു സ്ത്രീയുടെ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. ബത്‌ന നിവാസിയായ നജ്‌റുൾ നേഷ (35) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ച മുതൽ യുവതിയെ കാണാതായിരുന്നു. അതേസമയം , യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിൽ ഉപേക്ഷിച്ചതാണെന്നാണ്ബന്ധുക്കൾ ആരോപിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ച പോലീസ്, ഭർതൃവീട്ടുകാർക്കായി തിരച്ചിൽ ആരംഭിച്ചു. ഇവർ നിലവിൽ ഒളിവിൽ പോയിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ, മജൗലിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹർപൂർ ഗർവയിലെ സിക്രഹ്ന നദിയുടെ തീരത്ത് ഒരു സ്ത്രീയുടെ മൃതദേഹം ഗ്രാമവാസികളാണ് കണ്ടെത്തിയത്. ബത്‌ന നിവാസിയായ ഷംഷേർ ആലമിന്റെ ഭാര്യ നജ്‌റുൾ നേഷ (35) ആണ് മരിച്ചതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ച മുതൽ നജ്‌റുളിനെ കാണാനില്ലായിരുന്നു. ഗ്രാമവാസികൾ നൽകുന്ന വിവരം അനുസരിച്ച്, മജൗലിയ പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ബെട്ടിയയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. പ്രാഥമിക അന്വേഷണത്തിൽ, മരിച്ചയാളുടെ കഴുത്തിൽ മുറിവേറ്റ പാടുകളും വായിൽ നിന്ന് രക്തസ്രാവത്തിന്റെ അടയാളങ്ങളും പോലീസ് കണ്ടെത്തി, ഇത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായാണ് റിപ്പോർട്ട്.
നജ്‌റുളിനെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തിയശേഷം, മൃതദേഹം നദിക്കരയിൽ വലിച്ചെറിഞ്ഞു എന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിന് ശേഷം, യുവതിയുടെ ഭർതൃവീട്ടുകാർ സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു.
സംഭവത്തിൽ മജൗലിയ എസ്എച്ച്ഒ സുനിൽ കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.