മനുഷ്യന് മാത്രമല്ല ഗ്രഹത്തിന്‍റെയും നിലനില്‍പ്പിന് ഭീഷണിയാണ് ജനസംഖ്യാ വര്‍ദ്ധനവ്: ഇന്ന് ലോക ജനസംഖ്യാ ദിനം| World Population Day

ഭക്ഷണം, വാസസ്ഥലം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ആളുകൾക്ക് നൽകേണ്ടതായപ്പോൾ, ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യക്ക് താങ്ങാവുന്നതിനും അപ്പുറമാണ്.
മനുഷ്യന് മാത്രമല്ല ഗ്രഹത്തിന്‍റെയും നിലനില്‍പ്പിന് ഭീഷണിയാണ് ജനസംഖ്യാ വര്‍ദ്ധനവ്: ഇന്ന് ലോക ജനസംഖ്യാ ദിനം| World Population Day
Published on

"ഒന്നുകിൽ നമ്മൾ സ്വമേധയാ ലോകജനസംഖ്യ കുറയ്ക്കുക, അല്ലെങ്കിൽ പ്രകൃതി ഇത് നമുക്കുവേണ്ടി ചെയ്യും, പക്ഷേ അതിക്രൂരമായി"- ഇത് യുഎൻഇപിയുടെ (യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻ്റ് പ്രോഗ്രാം) ആദ്യ ഡയറക്ടറായ വടക്കേ അമേരിക്കൻ വ്യവസായിയായ മൗറീസ് സ്ട്രോങ്ങിന്റെ വാക്കുകളാണിത്. ഇത് ഒരു മുന്നറിയിപ്പാണ് — വെറും വാചകങ്ങളല്ല. ദിനം പ്രതി കുതിച്ചുയരുന്ന ജനസംഖ്യ മനുഷ്യ രാശിയുടെ തന്നെ നാശത്തിലേക്കുള്ള ചുവടുവയ്പ്പ് കൂടിയാണ്.(World Population Day)

ഇന്ന് ജൂലൈ 11, ലോക ജനസംഖ്യാ ദിനം.. ജനസംഖ്യാ വർദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ലോക ജനസംഖ്യ ദിനം ആചരിച്ചു പോരുന്നത്. ഒരു രാജ്യത്തിന്റെ ജനസംഖ്യ ആ രാജ്യത്തിന്റെ വികസനത്തിലും പ്രവര്‍ത്തനങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അനിയന്ത്രിതമായ ജനസംഖ്യ പെരുപ്പം സാമൂഹ്യസൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ മേഖലകളിലെ സമ്പത്ത് വിതരണത്തെ നന്നേ ബാധിക്കുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ ഗതിയും പദ്ധതി ആസൂത്രണങ്ങളും അമിത ജനസംഖ്യ കാരണം തടസ്സപ്പെടുന്നു.

അമിത ജനസംഖ്യ മൂലം ഉടലെടുക്കുന്ന ദാരിദ്ര്യം, ലൈംഗിക സമത്വം, മാതൃ ആരോഗ്യം, പൗരാവകാശങ്ങള്‍, കുടുംബാസൂത്രണത്തിലെ ബുദ്ധിമുട്ടുകൾ, പ്രസവിക്കുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യപരമായ ആശങ്കകള്‍ ആഗോള ജനതയ്ക്ക് മുന്നിൽ തുറന്നു കാട്ടുന്നതിനായാണ് ജനസംഖ്യ ദിനം ആചരിക്കുന്നത്. ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ 1989 ൽ ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ഭരണ സമിതിയാണ് ലോക ജനസംഖ്യാ ദിനം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. 1987 ജൂലൈ 11-ന് ലോക ജനസംഖ്യ അഞ്ഞൂറ് കോടി തികഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ജനസംഖ്യാ സംബന്ധമായ വെല്ലുവിളികളെ നേരിടേണ്ടതിന്റെ അടിയന്തിരാവസ്ഥയിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുവാനാണ് ജനസംഖ്യാ ദിനം ആചരിക്കുവാൻ തീരുമാനിക്കുന്നത്. 1990 ജൂലൈ 11ന് 90 ഓളം രാജ്യങ്ങൾ ജനസംഖ്യാ ദിനം ആചരിച്ചു തുടങ്ങി.

ജനസംഖ്യയിലെ ദ്രുതഗതിയിലുള്ള വർദ്ധനവ് രാജ്യങ്ങളെയും ഭൂമിയെയും ദോഷകരമായ ബാധിക്കുന്നു. പരിസ്ഥിതി നാശത്തിലേക്കും കാലാവസ്ഥാ വ്യതിയാനത്തിലേക്കും നയിക്കുന്ന വെള്ളം, ഭൂമി, ഫോസിൽ ഇന്ധനങ്ങൾ തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ അമിതമായ ഉപയോഗമാണ് ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങളിലൊന്ന്. ഭക്ഷണം, വാസസ്ഥലം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ആളുകൾക്ക് നൽകേണ്ടതായപ്പോൾ, ഭരണകൂടങ്ങൾക്ക് അതിനാവശ്യമായ വിഭവങ്ങൾ ഒരുക്കുക എന്നത് വലിയൊരു വെല്ലുവിളിയായി തീരും. മാത്രമല്ല, ഇത് കൃഷിയിലും ഭക്ഷ്യ വിതരണത്തിലും സമ്മർദ്ദം ചെലുത്തുന്നു, വിശപ്പും പോഷകാഹാര കുറവും വർദ്ധിപ്പിക്കുന്നു. നിയന്ത്രിച്ചില്ലെങ്കിൽ, അനിയന്ത്രിതമായ ജനസംഖ്യാ വളർച്ച രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുകയും അസമത്വം കൂടുതൽ വഷളാക്കുകയും സുസ്ഥിര വികസനം അസാധ്യമാക്കുകയും ചെയ്യുന്നു.

ഭക്ഷണം, വാസസ്ഥലം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ആളുകൾക്ക് നൽകേണ്ടതായപ്പോൾ, ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. തൽഫലമായി ദാരിദ്ര്യവും തൊഴില്ലായ്മയും, ഗുണമേന്മയില്ലാത്ത വിദ്യാഭ്യാസവും രാജ്യത്തിന്റെ മനുഷ്യവിഭവശേഷിയെ ബാധിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com