
മൈസൂരു: ഇൻഫോസിസിന്റെ മൈസൂരു ക്യാംപസിൽ പുലിയെ കണ്ടതിനെ തുടർന്ന് ജീവനക്കാർക്കു വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചു(Work From Home). കെട്ടിടത്തിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിങ് സോണിലെ പുലിയുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിലുമുണ്ട്. ഇതിനു പിന്നാലെ തന്നെ ക്യാംപസിനുള്ളിൽ ആരും കടക്കരുതെന്ന് നിർദേശം നൽകിയെന്ന് എച്ച്ആർ വിഭാഗം അറിയിച്ചു. ഇന്ന് രാവിലെയാണ് ഇൻഫോസിസ് ക്യാംപസിൽ പുലിയെ കണ്ടത്.
സംരക്ഷിത വനത്തിനോടു ചേർന്നാണു ഇൻഫോസിസ് ക്യാംപസ് സ്ഥിതി ചെയ്യുന്നത്. പുലർച്ചെ 4 മണിയോടെ സ്ഥലത്തെത്തിയ, വനംവകുപ്പിന്റെ 50 അംഗ സംഘം പുലിയെ പിടിക്കാനായി കൂടുകളും മറ്റും സ്ഥാപിച്ചു. പുലിയുടെ നീക്കങ്ങൾ അറിയാനയി ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചു. രാത്രിയിൽ തെർമൽ ഡ്രോണുകളും ഉപയോഗിച്ചേക്കുമെന്നും വിവരമുണ്ട്. ഇൻഫോസിസിന്റെ രാജ്യത്തെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് മൈസൂരുവിലേത്. ഇൻഫോസിസിന്റെ മൈസൂരു ക്യാംപസിൽ 15,000ൽപ്പരം ജീവനക്കാരുണ്ട്. 370 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് 10,000ൽ അധികം വിദ്യാർഥികൾ പരിശീലനം നടത്തുന്നുണ്ട്. ക്യാംപസിലുള്ള ഗ്ലോബൽ എജ്യുക്കേഷൻ സെന്ററിൽ 4,000 ട്രെയിനികളാണ് ഉള്ളത്.