ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി പദവി പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള വിവാദം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കെ, കോൺഗ്രസ് ഹൈക്കമാൻഡിനെ ലക്ഷ്യമാക്കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്ത്. "വാക്കാണ് ലോകശക്തിയെന്നും വാക്ക് പാലിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കരുത്തെന്നും" ശിവകുമാർ നടത്തിയ പരാമർശം അധികാരം പങ്കുവെക്കുന്നതിലുള്ള കരാർ പാലിക്കണം എന്ന ശക്തമായ സന്ദേശമാണ് നൽകുന്നത്.(Word is the power of the world, says DK Shivakumar)
കഴിഞ്ഞ ഏതാനും ആഴ്ചകളായി മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവകുമാർ പക്ഷം പരസ്യമായി അവകാശവാദം ഉന്നയിക്കുകയാണ്. 2023 മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ, ഒരു അധികാര പങ്കുവെക്കൽ കരാറിൽ എത്തിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ആദ്യത്തെ രണ്ടര വർഷത്തിന് ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിയുകയും പിന്നീട് ശിവകുമാർ മുഖ്യമന്ത്രിയാവുകയും ചെയ്യും. ഈ കരാർ അനുസരിച്ച് വാക്ക് പാലിക്കണമെന്നാണ് ശിവകുമാർ പക്ഷത്തിന്റെ പ്രധാന ആവശ്യം.
"ജഡ്ജിയായാലും, പ്രസിഡന്റായാലും, ഞാനടക്കം മറ്റാരായാലും, എല്ലാവരും പറഞ്ഞ വാക്ക് പാലിക്കണം. വാക്കാണ് ലോകശക്തി," എന്ന് പറഞ്ഞ ശിവകുമാർ, കസേരയുടെ പ്രാധാന്യം അറിയാത്തവരെക്കുറിച്ചും പരോക്ഷമായി സംസാരിച്ചു. "പുറകിൽ നിൽക്കുന്നവർക്ക് കസേരയുടെ വില അറിയില്ല. ആ കസേരയ്ക്ക് എന്ത് വിലയും പ്രാധാന്യവുമാണുള്ളതെന്ന് അവർക്കറിയില്ല. ഒഴിഞ്ഞ കസേര വലിച്ച് അതിലിരിക്കുന്നതിന് പകരം അവർ നിൽക്കുകയാണ്," ശിവകുമാർ പറഞ്ഞു.
സിദ്ധരാമയ്യ നിയമസഭയുടെ ശേഷിക്കുന്ന കാലയളവിലും മുഖ്യമന്ത്രിയായി തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ, ശിവകുമാർ ഉദ്ദേശിച്ച 'ഒഴിഞ്ഞ കസേര' ഏതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. അധികാര പങ്കുവെക്കൽ കരാർ സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, രൺദീപ് സുർജേവാല തുടങ്ങിയവർ പങ്കെടുത്ത ചർച്ചകൾ നടന്നിരുന്നു. സീനിയോറിറ്റി ചൂണ്ടിക്കാട്ടി ആദ്യ പകുതി സിദ്ധരാമയ്യക്ക് ലഭിച്ചപ്പോൾ രണ്ടാം പകുതി ശിവകുമാറിന് ലഭിക്കുമെന്നായിരുന്നു ഒത്തുതീർപ്പ്.
ഇതിനിടെ, നേതൃമാറ്റം ആവശ്യപ്പെട്ട് ശിവകുമാറിനെ അനുകൂലിക്കുന്ന എം.എൽ.എമാർ തലസ്ഥാനത്ത് ഒത്തുകൂടിയപ്പോഴും സിദ്ധരാമയ്യയുടെ സാമ്പത്തിക ഉപദേഷ്ടാവും മുതിർന്ന നേതാവുമായ ബസവരാജ് രായറെഡ്ഡി ഡൽഹിയിൽ നിന്നുള്ള സമ്മർദ്ദത്തെ തള്ളിപ്പറഞ്ഞു. ഹൈക്കമാൻഡ് വ്യക്തമായ ഒരു കാരണം നൽകാതെ സിദ്ധരാമയ്യ സ്ഥാനമൊഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.