ന്യൂഡൽഹി: ഏപ്രിൽ 16-ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന ‘നാരീശക്തി വന്ദൻ’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണിതെന്നും സ്ത്രീശക്തിക്കായി ഈ ചരിത്രനീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.(Women’s Reservation Bill will become a reality in this Parliament session, PM Modi makes a crucial announcement)
വനിതാ സംവരണത്തിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണ്. സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നത് ജനാധിപത്യത്തിന് കൂടുതൽ കരുത്ത് നൽകും. 2023-ൽ രാഷ്ട്രീയ ഭേദമന്യേ ബില്ല് പാസാക്കിയ മാതൃകയിൽ ഇത്തവണയും എല്ലാ പാർട്ടികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. 2029-ഓടെ വനിതാ സംവരണം പൂർണ്ണമായും നടപ്പിലാക്കണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
വനിതാ സംവരണം നടപ്പിലാക്കുന്നതിനായി ലോക്സഭാ, നിയമസഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കുക എന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്നത്. 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയായിരിക്കും ഈ മാറ്റം. ലോക്സഭയിൽ നിലവിലെ 543 സീറ്റുകളിൽ നിന്ന് എണ്ണം 816 ആയി ഉയരും. ഇതിൽ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യും. ഈ നിർദ്ദേശം നടപ്പിലായാൽ കേരളത്തിലെ ലോക്സഭാ സീറ്റുകൾ 20-ൽ നിന്ന് 30 ആയും, നിയമസഭാ സീറ്റുകൾ 140-ൽ നിന്ന് 210 ആയും വർദ്ധിക്കും.
ഓരോ സംസ്ഥാനത്തും നിലവിലുള്ള സീറ്റുകളുടെ പകുതി കൂടി വർദ്ധിപ്പിച്ച് അതിൽ സംവരണം ഉറപ്പാക്കുന്ന രീതിയാണിത്. ഇക്കാര്യത്തിൽ വരാനിരിക്കുന്ന സമ്മേളനത്തിൽ വിശദമായ ചർച്ചകൾ നടക്കും. ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിൽ സ്ത്രീശക്തി നിർണ്ണായകമാണെന്നും സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ നൽകുന്നതാണ് ഈ തീരുമാനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

