ആഗ്ര: ഉത്തർപ്രദേശിൽ മദ്യശാലയ്‌ക്കെതിരെ സ്ത്രീകളുടെ വൻ പ്രതിഷേധം. ആഗ്ര-ജയ്പൂർ ഹൈവേയിൽ മഹുവ ഗ്രാമത്തിലുള്ള മദ്യവിൽപ്പന ശാലയാണ് നൂറുകണക്കിന് സ്ത്രീകൾ ചേർന്ന് അടിച്ച് തകർത്തത്. ഗ്രാമത്തിലെ സാമൂഹിക പ്രശ്നങ്ങൾക്കും ക്രമസമാധാന തകർച്ചയ്ക്കും മദ്യശാല കാരണമാകുന്നുവെന്ന് ആരോപിച്ചായിരുന്നു ബുധനാഴ്ച ഉച്ചയോടെ പ്രതിഷേധം അരങ്ങേറിയത്.(Women protest by vandalizing a liquor shop in Agra)
കിരാവലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മദ്യശാലയ്ക്ക് മുന്നിൽ ഒത്തുകൂടിയ സ്ത്രീകൾ നിയന്ത്രണം വിട്ട് കടയ്ക്കുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു. കടയ്ക്കുള്ളിലുണ്ടായിരുന്ന മദ്യക്കുപ്പികൾ സ്ത്രീകൾ പുറത്തേക്ക് വലിച്ചെറിയുകയും റോഡിലിട്ട് തല്ലിത്തകർക്കുകയും ചെയ്തു. സ്ത്രീകൾ കടയ്ക്ക് നേരെ ആക്രമണം തുടങ്ങിയതോടെ ഭയന്ന ജീവനക്കാർ ഉള്ളിൽ കയറി വാതിലടയ്ക്കുകയായിരുന്നു. കടയുടെ ബോർഡുകളും പ്രതിഷേധക്കാർ തകർത്തു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം സ്ത്രീകളെ പിരിച്ചുവിട്ടു. അക്രമത്തിന് നേതൃത്വം നൽകിയ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. ജനങ്ങളുടെ പരാതികൾ ന്യായമാണെങ്കിലും നിയമം കൈയിലെടുക്കുന്നത് അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.