

ന്യൂഡൽഹി: ഇന്ത്യൻ ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാർ തമ്മിൽ തല്ലുകൂടുന്ന സംഭവങ്ങൾ പതിവാകുമ്പോൾ, സീറ്റിനെച്ചൊല്ലി സ്ത്രീകൾ തമ്മിലുണ്ടായ കയ്യാങ്കളിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. പരസ്പരം തല്ലുന്നതും അസഭ്യവാക്കുകൾ വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സഹയാത്രക്കാരാണ് ഈ വീഡിയോ പകർത്തി പങ്കുവെച്ചത്.
മഞ്ഞ നിറത്തിലുള്ള ചുരിദാർ ധരിച്ച ഒരു മധ്യവയസ്‌ക, സീറ്റിലിരിക്കുന്ന മറ്റൊരു സ്ത്രീക്ക് അരികിലായി ബലം പ്രയോഗിച്ച് ഇരിക്കാൻ ശ്രമിക്കുന്നതോടെയാണ് സംഘർഷം ആരംഭിക്കുന്നത്. നിലവിൽ മൂന്നുപേർ ഇരിക്കുന്ന സീറ്റിൽ, ഒരാൾക്ക് ഇരിക്കാനുള്ള സ്ഥലം ബാക്കിയുണ്ടെങ്കിലും, അല്പം തടിച്ച മധ്യവയസ്‌കയായ സ്ത്രീ കൂടുതൽ സ്ഥലം ആവശ്യപ്പെടുന്നു. സ്ഥലത്തിനായി ബലം പ്രയോഗിക്കുന്നതിനിടെ, അവർ ഇരിക്കുന്ന സ്ത്രീയോട് "ഞാൻ നിന്നെ നിലത്തേക്ക് വലിച്ചെറിയും" എന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കേൾക്കാം.
സംഭവത്തിൽ മുന്നിലെ സീറ്റിലിരുന്ന മറ്റൊരു സ്ത്രീ ഇടപെട്ടതോടെ തർക്കം കൂടുതൽ രൂക്ഷമായി.ഇതിനിടെ, മൂന്നാമത്തെ സ്ത്രീ താൻ വരുന്നത് വേറെ സ്ഥലത്തുനിന്നാണെന്നും തന്നോട് സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്നും ഭീഷണിപ്പെടുത്തുന്നതും കേൾക്കാം.
തർക്കം കണ്ടുനിന്ന മറ്റൊരാൾ ഇടപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അയാളെ ആരുംതന്നെ ഗൗനിക്കുന്നില്ല.
ഇന്ത്യയിലെ ലോക്കൽ ട്രെയിനുകളിലും എക്സ്പ്രസ് ട്രെയിനുകളിലും ഇത്തരം സംഭവങ്ങൾ ഇന്ന് സാധാരണമാണ് എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമൻ്റുകളിൽ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്.തിരക്ക്, റിസർവ് ചെയ്യാത്ത സീറ്റുകൾ, ടിക്കറ്റില്ലാത്ത യാത്രക്കാർ എന്നിവ മൂലമാണ് ഇത്തരം തർക്കങ്ങൾ ഉണ്ടാകുന്നതെന്നും, റിസർവേഷൻ കോച്ചുകളിലും ഇന്ന് ഇത് പതിവാകുന്നുണ്ടെന്നും പലരും ചൂണ്ടിക്കാട്ടി.