അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ പരസ്യത്തിനുപയോഗിച്ചു; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസയച്ച് ബോംബെ ഹൈക്കോടതി

അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ പരസ്യത്തിനുപയോഗിച്ചു; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസയച്ച് ബോംബെ ഹൈക്കോടതി
Published on

മുംബൈ: അനുമതിയില്ലാതെ സർക്കാർ പരസ്യങ്ങളിൽ സ്ത്രീകളുടെയടക്കം ചിത്രങ്ങൾ ഉപയോഗിക്കുന്നത് വാണിജ്യ ചൂഷണമാണെന്ന് ബോംബെ ഹൈക്കോടതി. ഹർജിയെത്തുടർന്ന് കേന്ദ്ര സർക്കാരിനും നാല് സംസ്ഥാന സർക്കാരുകൾക്കും കോൺഗ്രസ് പാർട്ടിക്കും യു.എസ്. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളുടെ യുഗത്തിൽ ഇത് വളരെ ഗൗരവമുള്ളതാണെന്നും കവാലെയുടെ ഹർജിയിൽ ഉന്നയിച്ച പ്രശ്നങ്ങൾ ഇലക്ട്രോണിക്, സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നമ്രത അങ്കുഷ് കവാലെ എന്ന സ്ത്രീയുടെ ഹർജി പരിഗണിച്ച് ജസ്റ്റിസുമാരായ ജി.എസ്. കുൽക്കർണി, അദ്വൈത് സേത്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

പ്രാദേശിക ഫോട്ടോഗ്രാഫറായ ടുകാറാം കർവെ തന്റെ ഫോട്ടോ പകർത്തുകയും ഇത് നിയമവിരുദ്ധമായി ഷട്ടർസ്റ്റോക്ക് വെബ് സൈറ്റിൽ പോസ്റ്റ് ചെയ്തുവെന്നുമാണ് കവാലെ ഹർജിയിൽ പറയുന്നത്. ഈ ഫോട്ടോ മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാന സർക്കാരുകളും കേന്ദ്ര വികസനമന്ത്രാലയും തെലങ്കാന കോൺഗ്രസും ചില സ്വകാര്യ കമ്പനികളും പരസ്യങ്ങൾക്ക് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നും ഹർജിയിൽ പറയുന്നു. കേസ് മാർച്ച് 24-ലേക്ക് മാറ്റിവെച്ചു.

Related Stories

No stories found.
Times Kerala
timeskerala.com