
പട്ന : ബീഹാറിലെ മുസാഫർപൂരിൽ നിന്ന് വിവാഹിതയായ ഒരു സ്ത്രീയോട് സ്ത്രീധനമായി വൃക്ക നൽകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ ഇരയായ ദീപ്തി എന്ന യുവതി വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി, ആദ്യം തന്നോട് പണവും ബൈക്കും ആവശ്യപ്പെട്ടുവെന്നും പിന്നീട് ഭർത്താവിന് വൃക്ക ദാനം ചെയ്യാൻ സമ്മർദ്ദം ചെലുത്തിയെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വിവാഹത്തിന്റെ ആദ്യ ദിവസങ്ങളിൽ എല്ലാം സാധാരണ നിലയിൽ ആയിരുന്നുവെന്ന്ദീപ്തി പറഞ്ഞു, എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം ഭർത്താവിന്റെ വീട്ടുകാരുടെ പെരുമാറ്റം പെട്ടെന്ന് മാറി. മാതാപിതാക്കളുടെ വീട്ടിൽ നിന്ന് പണവും ബൈക്കും കൊണ്ടുവരാൻ നിർബന്ധിച്ചു. ഇതിനെ എതിർത്തപ്പോൾ മാനസികമായി പീഡിപ്പിക്കുകയും പരിഹസിക്കുകയും ചെയ്തതായും യുവതി പറയുന്നു.
വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് ഭർത്താവിന്റെ ഒരു വൃക്ക തകരാറിലാണെന്ന് കണ്ടെത്തിയത്. ഇതിനുശേഷം, ഭർതൃവീട്ടുകാർ തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. സ്ത്രീധനം നൽകാൻ കഴിയുന്നില്ലെങ്കിൽ തന്റെ ഒരു വൃക്ക ഭർത്താവിന് ദാനം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. തുടക്കത്തിൽ താൻ ഈ ആവശ്യം കാര്യമായി എടുത്തിരുന്നില്ലെന്നും, താമസിയാതെ അത് ഗുരുതരമായ സമ്മർദ്ദമായി മാറിയതായും യുവതി പറഞ്ഞു. വിസമ്മതിച്ചപ്പോൾ, ഭർതൃവീട്ടുകാർ തന്നെ മർദ്ദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തതായും യുവതി പറയുന്നു.
ഇതിനുശേഷം, ദീപ്തി തന്റെ മാതൃ വീട്ടിലേക്ക് മടങ്ങി വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് ആദ്യം ഇരു കക്ഷികളും തമ്മിൽ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും അത് നടന്നില്ല. ദീപ്തി വിവാഹമോചനം ആവശ്യപ്പെട്ടു, പക്ഷേ ഭർത്താവ് അത് അംഗീകരിക്കാൻ തയ്യാറായില്ല. വനിതാ പോലീസ് സ്റ്റേഷനിലെ എഫ്‌ഐആർ നമ്പർ 38/25 പ്രകാരം ഭർത്താവ് ഉൾപ്പെടെ നാല് പേരെ പ്രതികളാക്കി പോലീസ് കേസെടുക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.