
ഗാന്ധിനഗർ: പാതിവ്രത്യം തെളിയിക്കാൻ ഭർത്താവിന്റെ സഹോദരിയും മറ്റ് മൂന്ന് പേരും ചേർന്ന് തിളച്ച എണ്ണയിൽ യുവതിയുടെ കൈകൾ മുക്കിപ്പിച്ചു. സെപ്റ്റംബർ 16-ന് ഗുജറാത്തിൽ മെഹ്സാന ജില്ലയിൽ വിജാപൂർ താലൂക്കിലെ ഗെരിറ്റ ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ 30 കാരിയുടെ ആശുപത്രിയിൽ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഭർത്താവിന്റെ സഹോദരി ജമുന താക്കൂർ, ജമുനയുടെ ഭർത്താവ് മനുഭായ് താക്കൂർ, മറ്റ് രണ്ട് പേർ എന്നിവർക്കെതിരെ വിജാപൂർ പോലീസ് കേസെടുത്തു. ഒരു സ്ത്രീയും മറ്റ് മൂന്ന് പേരും ചേർന്ന് ഇരയെ തിളച്ച എണ്ണയിൽ കൈകൾ മുക്കാൻ നിർബന്ധിക്കുന്നത് വീഡിയോയിൽ കാണാം. യുവതി വിരലുകൾ മുക്കുന്നതും പൊള്ളലേറ്റതിനാൽ വേഗത്തിൽ പിൻവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
"ഇരയായ യുവതിക്ക് ഭർത്താവിനോട് വിശ്വസ്തതയില്ലെന്ന് നാത്തൂൻ സംശയിച്ചിരുന്നു. അതിനാൽ ജമുനയും ഭർത്താവും മറ്റ് രണ്ട് പുരുഷന്മാരും ചേർന്ന് യുവതിയെ അഗ്‌നിപരീക്ഷയ്ക്ക് വിധേയയാക്കാൻ തീരുമാനിച്ചു. യുവതി പതിവ്രതയാണെങ്കിൽ പൊള്ളലേൽക്കില്ലെന്നായിരുന്നു അവരുടെ വാദം." - പൊലീസ് പറഞ്ഞു.