ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ച യുവതി അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നു. ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് റോഡിലെ കുഴിയിൽ വീണുണ്ടായ ആഘാതമാണ് യുവതിയുടെ ശരീരത്തിൽ ജീവന്റെ തുടിപ്പുകൾ വീണ്ടെടുക്കാൻ കാരണമായത്.(Woman who was confirmed brain dead has come back to life after ambulance falls into pothole )
ബറേലിയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു യുവതി. വിദഗ്ധ പരിശോധനകൾക്ക് ശേഷം യുവതിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായും ഇനി രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ഡോക്ടർമാർ വിധിയെഴുതി. ഇതോടെ വെന്റിലേറ്റർ സഹായം നീക്കി മൃതദേഹം സംസ്‌കരിക്കാനായി ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു.
എന്നാൽ, ആംബുലൻസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാഹനം റോഡിലെ വലിയൊരു കുഴിയിൽ വീണ് ശക്തമായി കുലുങ്ങി. ഈ ആഘാതത്തിന് തൊട്ടുപിന്നാലെ യുവതി സ്വയം ശ്വാസമെടുക്കാൻ തുടങ്ങുകയും കൈകാലുകൾ അനക്കുകയും ചെയ്തു. ആദ്യം അമ്പരന്ന ബന്ധുക്കളും ആംബുലൻസ് ജീവനക്കാരും ഉടൻ തന്നെ യുവതിയെ തിരികെ ആശുപത്രിയിൽ എത്തിച്ചു.
യുവതി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റോഡിലെ കുഴികൾ സാധാരണയായി ജീവനെടുക്കാറാണ് പതിവെങ്കിൽ, ഇവിടെ ഒരു കുഴി ജീവൻ തിരികെ നൽകിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് യുവതിയുടെ കുടുംബാംഗങ്ങൾ.

