ബെംഗളൂരു : ബൈക്ക് ടാക്സി യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ സ്പർശിച്ച ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ഡ്രൈവർ ശരീരത്തിൽ സ്പർശിക്കുന്നതിന്റെ വിഡിയോ യുവതി പകർത്തിയിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. വീഡിയോ പരിശോധിച്ച ബെംഗളൂരു വിൽസൺ ഗാർഡൻ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം നടന്നത്. ചർച്ച് സ്ട്രീറ്റിൽ നിന്ന് തന്റെ പിജിയിലേക്ക് മടങ്ങവയെയാണ് റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ ശരീരത്തിൽ സ്പർശിച്ചത്. കാലിൽ സ്പർശിച്ചതോടെ യുവതി ഇത് മൊബൈലിൽ ചിത്രീകരിച്ചു. നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും ഇത് ചെയ്യരുതെന്നും യുവതി ഡ്രൈവറോട് പറഞ്ഞെങ്കിലും ഇയാൾ പ്രവൃത്തി ആവർത്തിച്ചു.
പിന്നീട് പിജിയിലെത്തിയ ശേഷം മറ്റൊരു വ്യക്തി സംഭവം ശ്രദ്ധിക്കുകയും യുവതിയോട് ക്ഷമ പറയാൻ ഡ്രൈവറോട് നിർദേശിക്കുകയും ചെയ്തു. ഇതോടെ ഡ്രൈവർ തന്നോട് ക്ഷമ പറഞ്ഞു. എന്നാൽ സ്ത്രീകൾ സമൂഹത്തിൽ സുരക്ഷിതരല്ലെന്ന തോന്നലിലാണ് പരാതിയുമായി വന്നതെന്നും യുവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.