

ലഖ്‌നൗ: സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതി മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി ഉത്തർ പ്രദേശിൽ നിന്നുള്ള ഡൽഹി ക്യാപിറ്റൽസ് താരം വിപ്രജ് നിഗം. താരത്തിൻ്റെ പരാതിയെത്തുടർന്ന് യു.പി.യിലെ ബരാബങ്കി ജില്ലയിലെ കോട്വാലി നഗർ പോലീസ് യുവതിക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.
ഒരു മൊബൈൽ നമ്പറിൽ നിന്നും വിദേശ നമ്പറുകളിൽ നിന്നും നിരവധി ഭീഷണി കോളുകൾ ലഭിച്ചതായി വിപ്രജ് പരാതിയിൽ പറയുന്നു.
തൻ്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വ്യാജ ക്രിമിനൽ കേസുകളിൽ കുടുക്കുമെന്നും, പ്രശസ്തിക്ക് കോട്ടം വരുത്തുന്ന തരത്തിലുള്ള വീഡിയോ പുറത്തുവിടുമെന്നും യുവതി ഭീഷണിപ്പെടുത്തി. ഈ ഭീഷണി തൻ്റെ കരിയറിനെയും മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചതിനാലാണ് പോലീസിനെ സമീപിച്ചതെന്നും വിപ്രജ് വ്യക്തമാക്കി. പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും കോൾ വിശദാംശങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചു വരികയാണെന്നും അറിയിച്ചു.
അതേസമയം, വിപ്രജിനെതിരെ ഇതേ യുവതിയും പരാതി നൽകിയിട്ടുണ്ട്. വിപ്രജ് നേരിട്ട് വിളിച്ച് നോയിഡയിലെ സെക്ടർ 135-ലെ ഒരു ഹോട്ടലിലേക്ക് ക്ഷണിച്ചതായും അവിടെവെച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു. പിന്നീട് തർക്കമുണ്ടായപ്പോൾ വിപ്രജ് തന്നെ വിവാഹം കഴിക്കാൻ വിസമ്മതിച്ചു. വഴക്കിനിടെ ഹോട്ടൽ മുറിയിൽ നിന്ന് ബലമായി പുറത്താക്കിയെന്നും യുവതി ആരോപിച്ചു. വിപ്രജിൻ്റെ അമ്മയുമായുള്ള ഫോൺ സംഭാഷണത്തിൻ്റെ റെക്കോഡിങ്ങുകളും വിപ്രജിൻ്റെ നിരവധി കോൾ റെക്കോഡിങ്ങുകളും തൻ്റെ കൈവശമുണ്ടെന്നും യുവതി അവകാശപ്പെട്ടു. വിപ്രജ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും അവർ വ്യക്തമാക്കി.