
ന്യൂഡൽഹി: സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി പീഡിപ്പിക്കുകയും, തുടർന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ ഭർത്താവിന് പോലീസ് ഏറ്റുമുട്ടലിൽ പരിക്ക്. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. നിക്കി ഭട്ടി(28) എന്ന യുവതിയെയാണ് ഭർത്താവ് വിപിൻ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഭർതൃഗൃഹത്തിൽ വച്ച് ഗുരുതരമായി പൊള്ളലേറ്റ യുവതി, വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. ഇതിനു പിന്നാലെ വിപിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് തെളിവെടുപ്പിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും തോക്ക് തട്ടിയെടുത്ത വിപിൻ നിറയൊഴിച്ചു. വിപിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പോലീസ് തിരികെ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കാലിന് പരിക്കേറ്റ വിപിൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, "എനിക്ക് സന്തോഷമുണ്ട്. ഇത്തരക്കാരെ വെടിവയ്ക്കുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണം. അയാളുടെ നെഞ്ചിലാണ് വെടിവയ്ക്കേണ്ടിയിരുന്നത്. ഓടി രക്ഷപ്പെടുന്നവരെ തൂക്കിലേറ്റണം'. -എന്നായിരുന്നു നിക്കിയുടെ പിതാവിന്റെ പ്രതികരണം. എന്നാൽ, "ഞാൻ ഒന്നും ചെയ്തിട്ടില്ല. അവൾ സ്വയം മരിച്ചതാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കുകൾ എല്ലായിടത്തും സംഭവിക്കാറുണ്ട്. അതൊരു വലിയ കാര്യമല്ല'.-എന്നായിരുന്നു നിക്കിയുടെ ഭർത്താവ് ആശുപത്രിയിൽ വച്ച് മാധ്യമങ്ങളോടു പറഞ്ഞത്.
അതേസമയം, 36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് വിപിനും ഭർത്താവിന്റെ ബന്ധുക്കളും ചേർന്ന് തന്റെ ഇളയ സഹോദരിയെ കൊലപ്പെടുത്തിയെന്ന് സഹോദരി കാഞ്ചൻ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചുപോകുന്നതാണ് നല്ലതെന്നും വീണ്ടും വിവാഹം കഴിക്കുമെന്നും വിപിൻ നിക്കിയോട് പറഞ്ഞെന്നും അവർപറഞ്ഞു.നിക്കിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഗ്രേറ്റർ നോയിഡയിലെ സിർസ സ്വദേശിയാണ് വിപിൻ ഭാട്ടി. ഒമ്പത് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് വിപിൻ, സഹോദരീ ഭർത്താവ് രോഹിത് ഭാട്ടി, ഭർതൃമാതാവ് ദയ എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.